തേഞ്ഞിപ്പാലം: കളർ പെൻസിൽ വിഴുങ്ങി അവശനിലയിലായ ആറുവയസുകാരനായ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിച്ച് അധ്യാപകർ. ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ്വിഎയുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി പ്രണവ് ആണ് അധ്യാപകരുടെ കൈപിടിച്ച് വീണ്ടും ജീവിതത്തിലേയ്ക്ക് കയറി വന്നത്. കഴിഞ്ഞ ദിവസം സ്കൂൾ വിടാറായപ്പോഴാണു പ്രണവ് നിലയ്ക്കാതെ ചുമയ്ക്കുന്നത് അധ്യാപിക കെ.ഷിബിയുടെ ശ്രദ്ധയിൽപെട്ടത്.
വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; കൈകൾ കെട്ടി, വായിൽ തുണി തിരുകിയ നിലയിൽ മൃതദേഹം
കുട്ടിയുടെ പോക്കറ്റിൽ കളറിങ് പെൻസിലിന്റെ ഒരുഭാഗം കണ്ടെത്തിയതോടെ ബാക്കി വിഴുങ്ങിയതാണെന്നു മനസ്സിലാക്കി. ഉടനടി സ്കൂളിലെ അധ്യാപകനായ സുധീറിന്റെ വാഹനത്തിൽ ഒന്നര കിലോമീറ്റർ അകലെയുള്ള കല്ലമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഈ യാത്രയിലുടനീളം അധ്യാപകരായി ഷിബി, കെ.എ.ജിനി, സ്കൂൾ ജീവനക്കാരൻ ടി.താരാനാഥ്, ബിനോയ് എന്നിവർ കുട്ടിക്ക് കൃത്രിമശ്വാസം നൽകി കൊണ്ടേയിരുന്നു. നെഞ്ചിൽ കൈവെച്ച് അമർത്തിയും പ്രഥമ ശുശ്രൂഷ നൽകി കൊണ്ടേയിരുന്നു. തുടർന്ന് എൻഡോസ്കോപ്പിയിലൂടെ പെൻസിലിന്റെ കഷണം പുറത്തെടുത്തതോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു.
തീവ്രപരിചരണ വിഭാഗത്തിലുള്ള കുട്ടി സുഖം പ്രാപിച്ചുവരികയാണ്. പാറയിൽ കുഴിമ്പിൽ ജംഗീഷിന്റെ മകനാണ് പ്രണവ്. വിദ്യാർഥിയുടെ ചികിത്സാ ചെലവിന്റെ ഒരു ഭാഗം പ്രധാനാധ്യാപകൻ കെ.പി.മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ സ്കൂളിൽനിന്നു സമാഹരിച്ചു. കുട്ടിയുടെ ജീവൻ രക്ഷിച്ച അധ്യാപകരെ അഭിനന്ദിക്കുകയാണ് സ്കൂൾ അധികൃതർ.
Discussion about this post