ചാലക്കുടി: ദുബായിൽ 2020 മാർച്ച് അഞ്ചിന് മരിച്ച നോർത്ത് ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നു. ഇൻക്വസ്റ്റ് നടത്താൻ ഓഗസ്റ്റ് 25-ന് കല്ലറയിൽനിന്ന് പുറത്തെടുക്കുമെന്ന് പോലീസ് അറിയിച്ചു. നോർത്ത് ചാലക്കുടി സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ 2020 മാർച്ച് പത്തിനാണ് ഡെൻസി ആന്റണിയുടെ മൃതദേഹം അടക്കം ചെയ്തത്.
നിലമ്പൂരിൽ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ കൂട്ടാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഡെൻസിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇതോടെയാണ് അന്വേഷണോദ്യോഗസ്ഥർ മുൻകൈയെടുത്ത് ഇൻക്വസ്റ്റ് നടത്തുന്നത്. ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക. നിലമ്പൂർ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. നിലമ്പൂർ പോലീസ് കഴിഞ്ഞ ദിവസം ചാലക്കുടിയിലെത്തിയിരുന്നു.
ഷൈബിൻ അഷ്റഫിനൊപ്പം നാട്ടുവൈദ്യനെ കൊലപ്പെടുത്തിയെന്നും കൂടാതെ ഷൈബിൻ അഷ്റഫിനുവേണ്ടി ദുബായിൽ കൊലപാതകം നടത്തിയിട്ടുണ്ടെന്നുമാണ് കൂട്ടാളികൾ തിരുവനന്തപുരത്ത് പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡെൻസിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.
ഡെൻസി ആത്മഹത്യ ചെയ്തതാണെന്നാണ് നാട്ടിൽ കിട്ടിയ ആദ്യവിവരം. ഹൃദയസ്തംഭനംമൂലം മരിച്ചെന്ന് പിന്നീട് വിവരം കിട്ടി. ഇതേ തുടർന്ന് നാട്ടിൽ കൊണ്ടുവന്ന് സംസ്‌കരിക്കുകയായിരുന്നു.