മലയാളികളുടെ പ്രിയതാരമായ പൃഥ്വിരാജ് സുകുമാരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ ഏറ്റവും നീളം കൂടിയ കാൽനട മേൽപ്പാലമായ കിഴക്കേക്കോട്ടയിലെ ആകാശപ്പാത ഉദ്ഘാടന വേളയിൽ എടുത്ത ചിത്രമാണ് മന്ത്രി പങ്കുവച്ചത്. ഹൃദയ ചിഹ്നത്തോടൊപ്പം ആയിരുന്നു റിയാസ് ചിത്രങ്ങൾ പങ്കുവച്ചിരുന്നത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി.
‘ഇവർ കേരളത്തിന്റെ ഭാവി നായകന്മാർ, യുവ സാംസ്‌കാരികവും രാഷ്ട്രീയവും ഒന്നിച്ചപ്പോൾ ! സിനിമയിലും നിലപാട് ഉറപ്പിച്ച നടൻ , ടൂറിസം ഉണർവേകിയ നായകൻ,ഏറ്റവും നല്ല നടന്മാരിൽ ഒരാൾ ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാൾ, നിലപാടുകളുടെ രാജാക്കന്മാർ.. മലയാള സിനിമയുടെയും കേരള സർക്കാരിന്റെയും രണ്ടു യുവ താരങ്ങൾ ഒരൊറ്റ ഫ്രയിമിൽ, .പ്രിയപ്പെട്ടവർ, അഭിനയം കൊണ്ടും നിലപാട് കൊണ്ടും ജനഹൃദയങ്ങൾ കീഴടക്കിയ പൃഥ്വിരാജും നിലപാട് കൊണ്ടും പ്രവർത്തി കൊണ്ടും ജനമനസ്സിൽ സ്ഥാനമുറപ്പിച്ച റിയാസ്‌ക്കയും ഏറെ ഇഷ്ടം’, എന്നിങ്ങനെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴയാണ്.
കിഴക്കേക്കോട്ടയിലെ ആകാശപ്പാതയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസായിരുന്നു മേൽപ്പാലം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം സെൽഫി പോയിൻറ് തുറന്ന് നൽകിയ നടൻ പൃഥ്വിരാജായിരുന്നു. 4 കോടി രൂപ ചെലവിൽ 104 മീറ്റർ നീളത്തിൽ പണിത കാൽനടമേൽപ്പാലമാണ് ജനങ്ങൾക്ക് സ്വന്തമായത്. ഒട്ടേറെ പ്രത്യേകതകളാണ് മേൽപ്പാലത്തിനുള്ളത്. ചവിട്ടുപടി കയറാൻ ബുദ്ധിമുട്ടുള്ളവർ ലിഫ്റ്റ്, സി സി ടി വി ക്യാമറകൾ, പൊലീസ് സഹായ കേന്ദ്രം, ക്ലോക്ക് ടവർ, മഹാത്മാക്കളുടെ ഛായാചിത്രങ്ങൾ തുടങ്ങിയവയെല്ലാം ആകാശപ്പാതയുടെ പ്രത്യേകതയാണ്.