നെടുങ്കണ്ടം: പോലീസ് സ്‌റ്റേഷനിൽ പരാതി പറയാനെത്തിയ പരാതിക്കാരൻ അറസ്റ്റിൽ. പോലീസ് സ്‌റ്റേഷനിലുണ്ടായ തർക്കത്തെ തുടർന്ന് 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതാണ് യുവാവിന് വിനയായത്. പാറത്തോട് സബിൻ ഹൗസിൽ 27കാരനായ പ്രകാശ് ആണ് അറസ്റ്റിലായത്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് കൗണ്ടറിനു മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രകാശിനെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന വകുപ്പ് (പിഡിപിപി ആക്ട് 3 (2)(ഇ)), ഐപിസി 489 വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. ഇന്ത്യൻ കറൻസി കീറി നശിപ്പിച്ചെന്നും അതുവഴി പൊതുഖജനാവിന് 1500 രൂപയുടെ മൂല്യനഷ്ടം വരുത്തിയെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
റിസർവ് ബാങ്കിന്റെ അധീനതയിലുള്ള കറൻസി വിനിമയം നടത്താനുള്ള അവകാശം മാത്രമാണ് രാജ്യത്തെ പൗരന്മാർക്കുള്ളത്. കറൻസി രാജ്യത്തിന്റെ പൊതുസ്വത്താണ്. മനഃപൂർവം കറൻസി നശിപ്പിച്ചാൽ 6 വർഷം വരെ തടവ് ലഭിച്ചേയ്ക്കും.
പോലീസ് സ്‌റ്റേഷനിൽ നടന്നത്;
പ്രകാശും സുഹൃത്തായ ശരത് കുമാറും ചേർന്ന് സമീപകാലത്ത് ഒരു വാഹനം വാങ്ങി. ശരത് കുമാറും സഹായിയും ചേർന്ന് പ്രകാശിനെ അറിയിക്കാതെ വാഹനം കടത്തിക്കൊണ്ടുപോയി. തുടർന്ന് ഇരുവിഭാഗവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്. പ്രശ്‌നം സംസാരിച്ചു തീർക്കുന്നതിനിടെ വാഹനത്തിനുള്ളിലെ ടൂൾസ് കാണാതായെന്നു പ്രകാശ് പറയുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.
ഇത് പൊലീസ് സ്റ്റേഷനിൽ പ്രകാശും ശരത് കുമാറും തമ്മിൽ വീണ്ടും തർക്കത്തിനിടയാക്കി. ഇതോടെ പ്രകോപിതനായ പ്രകാശ് പോക്കറ്റിൽനിന്നു മൂന്ന് 500 രൂപ നോട്ടുകൾ എടുത്തു കീറി ശരത്കുമാറിനു നേർക്ക് എറിയുകയായിരുന്നു. തുടർന്ന് പ്രകാശിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.