തൊടുപുഴ: ലഹരി വിൽപന കേന്ദ്രമാക്കി മാറ്റിയ തൊടുപുഴയിലെ ലോഡ്ജിൽനിന്ന് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരെയാണ് എംഡിഎംഎയുമായി പോലീസ് സംഘം പിടികൂടിയത്. യൂനസ് നേരത്തെയും ലഹരിമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുദിവസമായി ഇരുവരെയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഇവരിൽ നിന്ന് 6.6 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തു. പോലീസിന്റെ പിടിയിലായ യുവതി അലറിക്കരഞ്ഞാണ് പുറത്തേക്ക് വന്നത്. സ്റ്റേഷനിലെത്തിച്ചപ്പോഴും യുവതി കരഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ലോഡ്ജിൽ പരിശോധന നടത്തിയതും ഇരുവരെയും പിടികൂടിയതും. ഇതിനൊടുവിലാണ് ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പിടികൂടിയത്.
ഇവർ ഇരുവരും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് ലഹരിമരുന്ന് കച്ചവടമാണെന്ന സൂചന ലഭിച്ച പ്രദേശത്തെ വ്യാപാരികളാണ് പോലീസിനെ വിവരം അറിയിച്ചത്. ലോഡ്ജ് കേന്ദ്രീകരിച്ച് 22കാരിയായ അക്ഷയയെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയതെന്നാണ് റിപ്പോർട്ട്. പോലീസ് സംശയിക്കാതിരിക്കാനാണ് അക്ഷയയെ കരുവാക്കിയതെന്നാണ് സംശയം.
എംഡിഎംഎയുമായി എത്തുന്ന ഇവർ അത് വിറ്റുതീരുന്നതുവരെ ലോഡ്ജിൽ തന്നെ താമസിക്കും. വിൽപ്പന കഴിഞ്ഞാലുടൻ സ്ഥലം വിടുന്നതാണ് പതിവ്. പിന്നീട് ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തി കച്ചവടം തുടരുകയും ചെയ്യുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു.
Discussion about this post