ചാലക്കുടി: ചാലക്കുടിയിൽ എഴുപത്തിമൂന്നുകാരിയുടെ മാല കവർന്ന സംഭവത്തിൽ ട്വിസ്റ്റ്. കേസിൽ വയോധികയുടെ കൊച്ചുമകൻ അറസ്റ്റിലായി. ഈ മാസം 20നു വൈകിട്ടായിരുന്നു മോഷണം. വെട്ടുകടവിൽ താമസിക്കുന്ന വയോധികയുടെ വീട്ടിൽ മുഖം മറച്ച് എത്തിയ യുവാവ് 3 പവന്റെ മാല പൊട്ടിച്ചെടുത്തു കടക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ അന്നനാട് ചീനിക്ക ബെസ്റ്റിനെയാണ് (25) അറസ്റ്റ് ചെയ്തത്.
എസ്എച്ച്ഒ കെഎസ് സന്ദീപ്, എസ്‌ഐ സിദ്ദീഖ് അബ്ദുൽ ഖാദർ, എഎസ്‌ഐ കെഎ ജെനിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അങ്കമാലിയിലെ ഒരു ഷോപ്പിലെ ജീവനക്കാരനാണു പ്രതി. പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണസമയത്തു വയോധിക മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുഖം മറച്ചെത്തിയ ആൾ മാല കവർന്നെന്ന പരാതി പോലീസിൽ നൽകിയതോടെ അന്വേഷണം ആരംഭിച്ചു. പേരക്കുട്ടിയാണു മാല പൊട്ടിച്ചെടുത്തതെന്നു വയോധിക സംശയം പ്രകടിപ്പിച്ചതോടെ പോലീസ് യുവാവിലേയ്ക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.
ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കാമുകിയുമായുള്ള വിവാഹത്തിന്റെ ചെലവിനു പണം തരപ്പെടുത്താനാണ് മാല കവർന്നതെന്നു പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. അങ്കമാലിയിൽ പണയസ്വർണം തിരിച്ചെടുത്തു വിൽക്കുന്നതിന് സഹായിക്കുന്ന സ്വർണപ്പണിക്കാരനു വിറ്റ മാല പോലീസ് തെളിവെടുപ്പിൽ കണ്ടെടുത്തു.