കരയുന്ന ആണുങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കുറച്ച് പ്രയാസമാണ്. പുരുഷന്മാർ പൊതുവേ എന്തു വിഷമം വന്നാലും ഉള്ളിൽ അടക്കിപിടക്കാറാണു പതിവ്. എല്ലാവരും അങ്ങനെയാണെന്നല്ല എന്നാൽ ഭൂരിഭാഗവും അങ്ങനെ തന്നെയാണ്.
ഇപ്പോഴിതാ സോഷ്യമീഡിയൽ കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണെന്നു പറഞ്ഞിരിക്കുകയാണ് ഷിബു ഗോപാലകൃഷ്ണൻ. ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പറഞ്ഞത് ആരെകൊണ്ടാണെന്നല്ലേ? മലയാളിക്‌ളുടെ പ്രിയതാരം ടോവീനോ തോമസിനെക്കുറിച്ച്
ഐആം വിത്ത് ധന്യവർമ്മ എന്ന ടോക്ക് ഷോയിൽ തന്റെ ചേട്ടനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ, പിടിവിട്ടുപോകുന്ന ടോവിനോയെ കാണുമ്പോൾ, കണ്ണുകൾ യാതൊരു നാണവുമില്ലാതെ നനയുന്നതു കാണുമ്പോൾ, മസിലുകളെല്ലാം കൂറുമാറുന്നതു കാണുമ്പോൾ, വാക്കുകൾ ഓർക്കാപ്പുറത്തു പണിമുടക്കുന്നതു കാണുമ്പോൾ, നമ്മളും തൂവിപ്പോകുമെന്നും ഷിബു ഗോപാലകൃഷ്ണൻ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കരയുന്ന ആണുങ്ങളെ കാണുന്നതു തന്നെ എന്തൊരു അഴകാണ്, ആശ്വാസമാണ്.
കല്ലിനു കാറ്റുപിടിച്ചതുപോലെയുള്ള കടുത്ത മനുഷ്യരല്ല, കൊടുങ്കാറ്റിലും കുലുങ്ങാത്ത കരിങ്കൽഗോപുരങ്ങൾ അല്ല, ഉള്ളിൽ കണ്ണീരിന്റെ ഉഷ്ണതടാകങ്ങൾ ഉറയുന്ന, അതിൽ നനയുകയും നിറയുകയും കവിയുകയും ചെയ്യുന്ന, അയഞ്ഞ ആണുങ്ങൾ.
ആണത്തത്തിന്റെ സകല ആലഭാരങ്ങളെയും അഴിച്ചുകളയുന്ന; സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, പ്രണയത്തിന്റെ ഭൂപ്രദേശങ്ങളിൽ മഴ പൊടിയുമ്പോഴേക്കും അണക്കെട്ടുകളെല്ലാം പൊട്ടിപ്പോകുന്ന കണ്ണീരണിഞ്ഞ ആണുങ്ങൾ.
അപ്പോൾ അവരുടെ തലകുനിയും, തൊണ്ടക്കുഴിയിൽ വാക്കുകൾ മുങ്ങിമരിക്കും, കണ്ണുകളിൽ കടൽ നിറയും, കൈവിരലുകളിൽ കണ്ണീരിന്റെ ഉപ്പുപുരളും.
ചേട്ടനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ, പിടിവിട്ടുപോകുന്ന ടോവിനോയെ കാണുമ്പോൾ, കണ്ണുകൾ യാതൊരു നാണവുമില്ലാതെ നനയുന്നതു കാണുമ്പോൾ, മസിലുകളെല്ലാം കൂറുമാറുന്നതു കാണുമ്പോൾ, വാക്കുകൾ ഓർക്കാപ്പുറത്തു പണിമുടക്കുന്നതു കാണുമ്പോൾ, നമ്മളും തൂവിപ്പോകും.
ഒരു മനുഷ്യൻ ഇങ്ങനെ നേർത്തു നനുത്തു പോകുമ്പോൾ നമ്മുടെയുള്ളിലും മഴ പൊടിയും; നമ്മളും കരകവിഞ്ഞൊഴുകും.
കരിങ്കല്ലുകൾ പിളർന്ന്, ഒരു കാട്ടുറവ കുതിച്ചുചാടുന്നതുപോലെ മനുഷ്യർ അപ്പോൾ വെള്ളച്ചാട്ടങ്ങളാവും. അതിൽ അവർ മാത്രമല്ല, മറ്റുള്ളവരും നനയും, നനഞ്ഞൊലിക്കും.
നന്ദി ടോവിനോ, ഇങ്ങനെ നനച്ചു കളഞ്ഞതിന്..❤️
Discussion about this post