തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് വാഹനം ഓടിച്ചവർ ആഡംബര കാറിൻറെ എയർബാഗിൽ സുരക്ഷിരായപ്പോൾ നടുറോഡിൽ പൊലിഞ്ഞത് ഒരച്ഛന്റെയും മകന്റെയും ജീവൻ. നിർമാണ തൊഴിലാളിയാണ് പ്രദീപും മകനുമാണ് മരിച്ചത്. കാറിന്റെ പാഞ്ഞുള്ള വരവ് കണ്ട് പേടിച്ച് ബൈക്ക് ഒതുക്കി നിർത്തിയ അച്ഛനും മകനുമാണ് ദാരുണമായി മരിച്ചത്.
ഇരുവരുടെയും വിയോഗം നാടിനും നാട്ടുകാർക്കും വിശ്വസിക്കാനായിട്ടില്ല. കിളിമാനൂർ-ആറ്റിങ്ങൽ റോഡിലെ നഗരൂരിലാണ് ദരുണമായ അപകടം നടന്നത്. സ്വന്തമായി ഒരു വീട് വെയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തിവരികയായിരുന്നു പ്രദീപ്. ഇതിനിടെയാണ് പ്രദീപിനെ അപകടം തട്ടിയെടുത്തത്.
സ്വന്തമായി ന്യൂജന്‍ ജീപ്പ് വികസിപ്പിച്ചു: സഹായം തേടിയ യുവാവിന് ആനന്ദ് മഹീന്ദ്രയുടെ മറുപടി
എന്നും ജോലി കഴിഞ്ഞ് വന്നാൽ മക്കളെയും കൂട്ടി തൻറെ പഴയ ഇരുചക്ര വാഹനത്തിൽ ടൗണിലേക്ക് ഇറങ്ങുന്ന പതിവുണ്ട് പ്രദീപിന്. ഇന്നലെയും അങ്ങനെ മക്കളെയും കൂട്ടി പോയി. അവരുടെമുടി വെട്ടി. വടംവലി മൽസരവും മറ്റു പരിപാടികളും കഴിഞ്ഞ് മിഠായികൾ വാങ്ങി. വീട്ടിലേക്കുള്ള അരിയും കോഴിത്തീറ്റയും പച്ചക്കറിയും വാങ്ങി സന്തോഷത്തോടെ മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.
അഞ്ചുവയസുകാരൻ ശ്രീദേവിനെ മുന്നിലാണ് ഇരുത്തിയത്. പതിനഞ്ചുകാരനായ മൂത്തമകൻ ശ്രീഹരി പിറകിലും ഇരുന്നു. ഈ സമയം, ഒരു ഫോർച്യൂണർ കാർ അമിത വേഗതയിൽ വരുന്നത് പ്രദീപ് കണ്ടു. ഭയന്ന് അതിവേഗം തന്നെ പ്രദീപ് തൻറെ ഇരുചക്രവാഹനം സൈഡിലേക്ക് ഒതുക്കി നിർത്തി. എന്നാൽ, കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു.
കാറിൻറെ മുൻഭാഗം പൂർണമായും തകർന്നു. കാറിനുള്ളിലെ എയർബാഗുകൾ വാഹനത്തിലുണ്ടായിരുന്ന ഷിറാസിനെയും ജാഫർഖാനെയും സുരക്ഷിതരാക്കി. ഈ സമയം പ്രദീപ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. 15 കാരനായ മകൻ ശ്രീഹരി ഇടിയുടെ അഘാതത്തിൽ റോഡിൻറെ അപ്പുറത്തേക്ക് തെറിച്ചുവീണു. പിന്നാലെ പോലീസ് എത്തി. നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് എത്തി.
സാരമായി പരിക്കേറ്റ പ്രദീപിനെയും മൂത്തമകനെയും കയറ്റി. പിന്നീട് ടോർച്ചു അടിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച ഉള്ളുപൊള്ളിക്കുന്നതായിരുന്നു. അഞ്ചുവയസുകാരൻ ശ്രീദേവിൻറെ തലയില്ലാത്ത ശരീരം തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഇത് ഓടികൂടിയവരുടെയും ചങ്ക് തകർത്തു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വീട്ടിലെത്തിച്ച പ്രദീപിൻറെയും മകൻറെയും മൃതദേഹം സംസ്‌കരിച്ചു. സംഭവത്തിൽ കാർ ഓടിച്ചിരുന്നവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Discussion about this post