മലപ്പുറം: ലോക്‌സഭയിലെ മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍, പങ്കെടുക്കാത്തതിന് പികെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരാലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമാണ്. അതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടപടി എടുക്കില്ല. ഇനിമുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, വിവാദങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും ജാഗ്രത പാലിക്കണമെന്ന് എല്ലാ ജനപ്രതിനിധികള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്യസഭയില്‍ ബില്ല് പാസാകിലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കില്‍ ആക്ഷേപങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുത്തലാഖ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ അല്ല.
പാര്‍ട്ടി മുഖ പത്രമായ ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കേണ്ടി വന്നതിനാലാണെന്നും ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍ എത്തുമായിരുന്നു. ടൈം മാനേജ്‌മെന്റില്‍ പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. കേന്ദ്ര, കേരള ചുമതലകള്‍ ഒന്നിച്ചു കൊണ്ടുപോകല്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.