കൊച്ചി: സ്വവര്‍ഗാനുരാഗത്തിന് കുടുംബവും സമൂഹവുമെല്ലാം വിലങ്ങുതടിയായപ്പോള്‍ നിയമപരമായി തന്നെ അവകാശത്തിനായി പോരാടി ഒന്നായവരാണ് ആദില നസ്രീനും ഫാത്തിമ നൂറയും. 2022 മേയ് 31നാണ് ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ചു ജീവിക്കാന്‍ കേരള ഹൈക്കോടതി അനുമതി നല്‍കിയത്.
തന്റെ അടുക്കല്‍ നിന്ന് ബന്ധുക്കള്‍ ബലമായി കൂട്ടിക്കൊണ്ടുപോയ നൂറയെ വിട്ടുകിട്ടാന്‍ ആദില നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു ഹൈക്കോടതി വിധി. ആദില സൗദിയില്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണു നൂറയുമായി പ്രണയത്തിലാകുന്നത്.
ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷമാണ് ആദിലയും നൂറയും പങ്കുവയ്ക്കുന്നത്. ദമ്പതികള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സര്‍പ്രൈസ് പങ്കുവയ്ക്കുന്നത്.
‘ഞങ്ങള്‍ക്ക് ഒരു അറിയിപ്പ് നല്‍കാനുണ്ട്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. അവനെ ഞങ്ങള്‍ ഉടന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം. ഇനി ത്രികോണ പ്രണയം.’ ആദിലയും നൂറയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
ചെന്നൈയില്‍ ഒരേ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇരുവരും. തങ്ങളുടെ ഓഫീസ് എല്‍ജിബിടിക്യൂ ഫ്രണ്ട്‌ലിയാണെന്ന് ദമ്പതികള്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തങ്ങളുടെ ഐഡന്റിറ്റി പുറത്തായതുകൊണ്ടുതന്നെ പരിഗണന ലഭിക്കാറുണ്ടെന്നും ഇരുവരും പറയുന്നു. ഏതായാലും ഇരുവരുടെയും പുതിയ കൂട്ടുകാരന്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍.