തൃശൂര്‍: വനിതാ മതിലിനായി സര്‍ക്കാര്‍ പണം ഉപയോഗിക്കുന്നു എന്ന് ആരോപിക്കുന്ന യുഡിഎഫ്, ബിജെപി നേതാക്കളെ പരിഹസിച്ച് വൈദ്യുത മന്ത്രി എംഎം മണി.
വനിതാ മതിലിനായി സര്‍ക്കാരിന്റെ ഒരു പൈസ പോലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞിട്ടും,യുഡിഎഫ്, ബിജെപി നേതാക്കന്മാര്‍, സര്‍ക്കാര്‍ പണം മതിലിന് ഉപയോഗിക്കുന്നു, ഫണ്ട് പിരിക്കുന്നു എന്നൊക്കെ ആക്ഷേപിക്കുകയാണ്. ഇങ്ങനെയൊക്കെ മുറവിളി കൂട്ടേണ്ടത് അവരുടെ നിലനില്പിന്റെ പ്രശ്‌നമായിരിക്കാം. എന്നാല്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. അവര്‍ക്ക് ഇത് വിജയിപ്പിക്കുന്നതിനാവശ്യമായ ശേഷിയുമുണ്ട്. മുറവിളി കൂട്ടുന്നവര്‍ക്ക് അത് ചിന്തിക്കാനുള്ള വിവരം എങ്കിലും വേണം എന്ന് എംഎം മണി പറഞ്ഞു.
ജനങ്ങളില്‍ നിന്ന് സ്വീകാര്യത ലഭിക്കുമെന്ന് മനസ്സിലായപ്പോള്‍ ‘ബിജെപിയുടെ മെഗാഫോണായ’ കോണ്‍ഗ്രസ് ബുദ്ധി ശൂന്യമായ ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും, മുറവിളി കൂട്ടുന്ന നിങ്ങള്‍ കരുതുന്നതുപോലെ പാറപ്പുറത്തല്ല ഞങ്ങള്‍ ഈ മതില്‍ നിര്‍മ്മിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേയ്‌സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം.
ഫേയ്‌സ് ബുക്ക് പോസ്റ്റ്:
വനിതാ മതിലിനായി സര്‍ക്കാരിന്റെ ഒരു പൈസ പോലും ഉപയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നിട്ടും യുഡിഎഫ്., ബിജെപി നേതാക്കന്മാര്‍, സര്‍ക്കാര്‍ പണം മതിലിന് ഉപയോഗിക്കുന്നു, ഫണ്ട് പിരിക്കുന്നു എന്നൊക്കെ ആക്ഷേപിക്കുകയാണ്. ഇങ്ങനെയൊക്കെ മുറവിളി കൂട്ടേണ്ടത് അവരുടെ നിലനില്പിന്റെ പ്രശ്‌നമായിരിക്കാം. വനിതാ മതില്‍ സംഘടിപ്പിക്കുന്നത് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളാണ്. അവര്‍ക്ക് ഇത് വിജയിപ്പിക്കുന്നതിനാവശ്യമായ ശേഷിയുമുണ്ട്. അവര്‍ ആ നിലയില്‍ വനിതകളെ അണിനിരത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഈ വിവരമെങ്കിലും ആക്ഷേപമുന്നയിക്കുന്ന ഈ നേതാക്കള്‍ക്ക് ഉണ്ടാകണം.
എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യത ലഭിച്ചുകഴിഞ്ഞ വനിതാ മതില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് ഉറപ്പായപ്പോഴാണ് വിറളിപൂണ്ട ചെന്നിത്തലയും, മുല്ലപ്പള്ളിയും കൂട്ടരും ബിജെപിയുടെ മെഗാഫോണ്‍ പോലെ ബുദ്ധിശൂന്യമായ ചോദ്യങ്ങളും, ആക്ഷേപങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തമായി ഒരു നിലപാടും പറയാന്‍ കഴിയാത്ത ‘ബിജെപിയുടെ മെഗാഫോണായ’ കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍ !
മുറവിളി കൂട്ടുന്ന യുഡിഎഫ്., ബിജെപി നേതാക്കന്മാര്‍ ഒരു കാര്യം കൂടി മനസ്സിലാക്കണം, നിങ്ങള്‍ കരുതുന്നതുപോലെ പാറപ്പുറത്തൊന്നുമല്ല ഞങ്ങള്‍ ഈ മതില്‍ നിര്‍മ്മിക്കുന്നത്.
Discussion about this post