കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ മുസ്ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ക്ലാസ്സുകളില്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയാല്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആവില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.
തല തിരിഞ്ഞ പരിഷ്‌കാരമാണത്. ലീഗ് പറഞ്ഞതില്‍ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ ആ രീതിയില്‍ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കൂടുതല്‍ പരിഷ്‌കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മുസ്ലീം സംഘടനകള്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാര്‍ഗം ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ഇടത് സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമെന്നും പിന്‍വാങ്ങണമെന്നും ലീഗ് നേതാവ് റഷീദ് അലി തങ്ങള്‍ പറഞ്ഞിരുന്നു.
കോഴിക്കോട് ലീഗ് വിളിച്ചുചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു ലീഗ് നേതാവിന്റെ പ്രതികരണം. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ലീഗ് നേതാവും എംഎല്‍എയുമായ എംകെ മുനീറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മതമില്ലാത്ത ജീവന്‍ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോള്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു മുനീറിന്റെ പരാമര്‍ശം. ഇതിനെതിരേ സമൂഹത്തില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.