കൊച്ചി: കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടും നെഞ്ച് ഇടറിയിട്ടും കൈകൾ വിറയ്ക്കാതെ ഭർത്താവ് ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന് അവസാന സല്യൂട്ട് നൽകി ഭാര്യ ഗോപീചന്ദ്ര. മധ്യപ്രദേശ് മുതൽ നിർമലിന്റെ മൃതദേഹത്തെ ഗോപീചന്ദ്ര അനുഗമിക്കുന്നുണ്ടായയിരുന്നു. ജബൽപുരിൽ സൈനിക ആശുപത്രിയിൽ നഴ്സായ ഗോപീചന്ദ്രയെ കണ്ട് 15-ന് രാത്രി പച്മഡിയിലുള്ള ആർമി എജ്യുക്കേഷൻ കോർ സെന്ററിലേക്ക് പോകുമ്പോഴാണ് നിർമൽ മിന്നൽപ്രളയത്തിൽ അകപ്പെട്ടത്.
ഒടുവിൽ വീട്ടിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം പച്ചാളം പൊതുശ്മശാനത്തിൽ എത്തിച്ചപ്പോഴാണ് ഗോപീചന്ദ്ര വിങ്ങിപ്പൊട്ടി അവസാന സല്യൂട്ട് നൽകിയത്. ഇരുവരുടേയും സന്തോഷകരമായ ദാമ്പത്യം കേവലം എട്ടുമാസം മാത്രമാണ്് നീണ്ടു നിന്നത്. ഇതിനിടയിലാണ് മിന്നൽപ്രളയത്തിൽ നിർമ്മലിനെ നഷ്ടപ്പെടുന്നത്.
തികച്ചും അപ്രതീക്ഷിതമായെത്തിയ ഈ അപകടത്തിൽ കുടുംബമൊന്നാകെ ഞെട്ടിയിരുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മാമംഗലത്തെ വീട്ടിൽ നിർമലിന്റെ മൃതദേഹമെത്തിച്ചപ്പോൾ അമ്മ സുബൈദയുടെ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി. എന്റെ മോനേ… നീ പോയോ… എന്ന് ആർത്തലച്ച് കരയുന്നത് വീട്ടിലെത്തിയവരുടെ നെഞ്ച് തകർക്കുന്നതായി.
സഹോദരി ഐശ്വര്യയും ചേട്ടന്റെ മൃതദേഹമെത്തുന്നതും കാത്ത് ഉച്ചമുതൽ വീട്ടുമുറ്റത്ത് വാടിത്തളർന്നിരിക്കുകയായിരുന്നു. ആംബലൻസ് ദൂരെ എത്തിയപ്പോഴേക്കും നടന്ന് മൃതദേഹം വഹിച്ച പെട്ടിയുടെ സമീപം എത്തി പൊട്ടിക്കരഞ്ഞ ഐശ്വര്യയെ ആശ്വസിപ്പിക്കാൻ കൂട്ടുകാരും നന്നേ ബുദ്ധിമുട്ടി.
Discussion about this post