തിരുവനന്തപുരം: വനിതാ മതില്‍ വിഷയത്തില്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി വിഎസ് അച്ചുതാനന്ദന്‍. തന്റെ പ്രസ്താവന വനിതാ മതിലിന് എതിരല്ല. വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരുപാടികളെക്കുറിച്ചുമാണ് താന്‍ പറഞ്ഞത്. തന്റെ പ്രസ്താവന കാനം തെറ്റിദ്ധരിച്ചതാണെന്ന് വിഎസ് പറഞ്ഞു.
വര്‍ഗ്ഗ സമരത്തെക്കുറിച്ചാണ് താന്‍ പറഞ്ഞത്. അത് കാനത്തിന് മനസ്സിലായില്ല. ശബരിമല സ്ത്രീപ്രവേശനത്തെ പിന്തുണയ്ക്കുന്നതില്‍ കാനം പിന്നിലായി. മനസില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതുകൊണ്ടാകാമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
താന്‍ വനിതാ മതിലന് എതിരാണെന്ന വാദം തെറ്റാണ്. പുരുഷാധിപത്യത്തില്‍ നില്‍ക്കേണ്ടവരല്ല സ്ത്രീകള്‍ എന്ന് ബോധ്യപ്പെടുത്താനാണ് വനിതാ മതില്‍ നടത്തുന്നത്. തന്റെ നിലപാടുകളെക്കുറിച്ച് രമേശ് ചെന്നിത്തലക്ക് ഒരു ചുക്കും അറിയില്ലെന്നും വിഎസ് കുട്ടിച്ചേര്‍ത്തു.
ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ല. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരം എന്നായിരുന്നു വിഎസ് പറഞ്ഞത്.
ഇതിന് പിന്നാലെ വനിതാമതില്‍ തീരുമാനിച്ചത് സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയാണെന്നും, വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.