ന്യൂഡൽഹി: തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാൾ നിർമ്മാണം നടത്തിയതെന്ന് ആരോപിച്ച് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മാളിന് ക്രമവിരുദ്ധമായാണ് അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി എംകെ സലീം നൽകിയ ഹർജിയാണ് കോടതി തള്ളിയത്. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേഷമുള്ള അനുമതികൾ മാളിനുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യ ഹർജി വ്യവസായം അംഗീകരിയ്ക്കില്ലെന്നും ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി. ലുലു ഗ്രൂപ്പിനെയും ഏഴ് സർക്കാർ വകുപ്പുകളെയും പ്രതിചേർത്ത് എംകെ സലീം നൽകിയ ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.
സുപ്രീംകോടതി ഉത്തരവിൽ സന്തോഷമെന്ന് ലുലു ഗ്രൂപ്പ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി നന്ദകുമാർ പ്രതികരിച്ചു. ലുലു ഗ്രൂപ്പിന് 25 രാജ്യങ്ങളിലോളം വ്യവസായ ശൃംഖലയുണ്ട്. രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായും പരിസ്ഥിതി സൗഹൃദമായും വ്യവസായവും, നിക്ഷേപവും, നടത്തുന്ന സ്ഥാപനത്തിനെതിരെ കേരളത്തിൽ മാത്രമാണ് ഇത്തരത്തിലുള്ള പരാതികൾ ഉയർന്നത്.
also read-വേളാങ്കണ്ണിയിൽ പണം ഇടപാടുകാരനെ ഓഫിസിൽ കയറി വെട്ടിക്കൊന്നു, അരിവാൾ കൊണ്ട് കൈ മുറിച്ചെടുത്തു
ലുലു ഗ്രൂപ്പിന്റെ സൽപ്പേര് കളങ്കപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങൾക്ക് തിരിച്ചടിയാണ് സുപ്രീം കോടതി ഉത്തരവ്. കേരളത്തിൽ കൂടുതൽ നിയമാനുസൃത നിക്ഷേപങ്ങൾക്ക് ഒരുങ്ങുന്നവർക്ക് ആശ്വാസം നൽകുന്ന സന്ദേശം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഗ്രൂപ്പിനെതിരെ വ്യാജ പരാതികൾ നൽകുന്നവരുടെ ലക്ഷ്യം പണവും പ്രശസ്തിയും മാത്രമാണ്. സമൂഹമാധ്യമങ്ങളിലൂടെ അടക്കം തെറ്റായ പ്രചാരണങ്ങൾ നടത്തി ലുലു ഗ്രൂപ്പിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും നിയമത്തിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് മുന്നോട്ട് പോകുമെന്നും വി നന്ദകുമാർ വ്യക്തമാക്കി.