‘അമ്മേ, റോഡിൽ തടസ്സമുണ്ട്, നോക്കട്ടെ. ഞാൻ പിന്നെ വിളിക്കാം’ ഇതായിരുന്നു നിർമ്മൽ തന്റെ അമ്മ സുബൈദയോട് പറഞ്ഞത്. ഈ വാക്കുകൾ കേട്ട് മണിക്കൂറുകൾക്കകം എത്തിയത് മകന്റെ വിയോഗ വാർത്തയായിരുന്നു. ഇത് ഇപ്പോഴും കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. ജബൽപുരിൽനിന്ന് മടങ്ങുംവഴി 15-ന് രാത്രി 7.50-നാണ് നിർമൽ അമ്മയെ വിളിച്ചത്. പിന്നീട് ജബൽപുരിലുള്ള ഭാര്യയെ വിളിച്ച് റോഡ് ബ്ലോക്കായതിനാൽ വഴി മാറി പോകുകയാണെന്നറിയിച്ചു.
പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല. മകൻ തിരിച്ചുവിളിക്കാതായതോടെ രാത്രി ഒമ്പതുമണിയോടെ സുബൈദ തിരിച്ചുവിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ശക്തമായ പ്രളയത്തിൽ അകപ്പെട്ടിട്ടും രക്ഷപ്പെടാനുള്ള ശ്രമം നിർമലിന്റെ ഭാഗത്തുനിന്നുണ്ടായതായി സൈന്യം പറയുന്നു. കാറിന്റെ ഡ്രൈവിങ് സീറ്റിന്റെ ഭാഗത്തെ ഡോർ തുറന്നാണ് കിടന്നത്. വാഹനത്തിൽ നിന്ന് അൽപ്പം അകലെയായാണ് മൃതദേഹം കിടന്നിരുന്നത്.
അപകടത്തിൽപ്പെട്ട സ്ഥലത്തെ കാലാവസ്ഥ തിരച്ചിലിന് അനുയോജ്യമല്ലെന്ന വിവരമായിരുന്നു ആദ്യം ലഭിച്ചത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സൈന്യവുമായി ബന്ധപ്പെട്ടപ്പോൾ നിർമൽ സഞ്ചരിച്ച കാർ കണ്ടെത്തിയെന്ന് അറിയിച്ചു. ഇതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയെന്ന വാർത്ത കുടുംബത്തെ തേടിയെത്തിയത്.