ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ശോഭയാത്രയിൽ കുഞ്ഞി കണ്ണന്മാരും രാധമാരും സംസ്ഥാനമൊട്ടുക്ക് നിറഞ്ഞപ്പോൾ സൈബർ ഇടത്ത് നിറഞ്ഞത് മറ്റൊരു ചിത്രമാണ്. ഓടിക്കളിക്കുന്ന കണ്ണനും രാധയുമായിരുന്നില്ല അത്. മറിച്ച്, ചലനശേഷി നഷ്ടപ്പെട്ട് ജീവിതം വീൽചെയറിലായ കണ്ണനും രാധമാരും ആയിരുന്നു.
കൃഷ്ണന്റേയും രാധയുടെയും വേഷത്തിൽ വീൽചെയറിൽ ഇരുന്ന് ശോഭയാത്രയുടെ ഭാഗമാകുന്ന ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ ചിത്രമാണ് മനസിനെ കുളിർപ്പിക്കുന്നത്. ആ കുഞ്ഞുങ്ങളെയും അണിയിച്ചൊരുക്കി നാടിന്റെ ആവേശത്തിനൊപ്പം ചേർത്തുപിടിക്കുന്ന കാഴ്ചയുടെ ചിത്രം ഇപ്പോൾ പേജുകളിൽ നിറയുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള ചിത്രമാണിതെന്നാണ് പലരുടെയും പക്ഷം.
തരംഗമാകുന്ന ചിത്രം എവിടെ നിന്നെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. കിടിലം ഫിറോസ് ആണ് ചിത്രം കുറിപ്പോടെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ന് കണ്ട മനോഹരമായ ഒരു ചിത്രമെന്നാണ് ഫിറോസ് കുറിക്കുന്നത്. എവിടെയാണെന്നു അറിയില്ല പക്ഷേ ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ട കണ്ണന്റെ ഫോട്ടോകളിൽ ഏറ്റവും ഇഷ്ടം തോന്നിയ ചിത്രം ഇതാണ്.
എന്തെങ്കിലും വിഷമങ്ങൾ ഉള്ള കുഞ്ഞുങ്ങളെ എല്ലാത്തിൽ നിന്നും മാറ്റി നിറുത്താൻ ശ്രമിക്കുന്ന പതിവ് പണ്ടേ ഉള്ളതാണ്. ഇന്നും അതു ചിലയിടത്തു തുടരുന്നു. ഈ കുഞ്ഞി മക്കൾക്ക് ഒരു അവസരം കൊടുത്തത് ആരായാലും അവർക്ക് ഒരുപാടു നന്ദിയെന്ന് ഫിറോസ് ചിത്രം പങ്കുവെച്ച് കുറിച്ചു.