കൊല്ലം: ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന ആമ വിളക്ക് മോഷ്ടിച്ച പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. ശക്തികുളങ്ങര വെണ്‍കുളങ്ങര സ്‌കൂളിന് സമീപം കുളക്കുടി ഭദ്രാദേവീ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസമാണ് ശക്തികുളങ്ങര കുളക്കുടി ഭന്ദ്രാദേവി ക്ഷേത്രത്തില്‍ മോഷണം നടന്നത്. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് മണിക്കൂറുകള്‍ക്കകം കസ്റ്റഡിയിലെടുത്തു.
അഞ്ച് തട്ടുകളായി ഏകദേശം അഞ്ചടി ഉയരമുള്ള വിളക്കാണ് മോഷണം പോയത്. ജീവനക്കാരന്‍ പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെയും പോലീസിനെയും വിവരം അറിയിച്ചു. ക്ഷേത്രത്തിന് സമീപം രാത്രിയില്‍ യുവാക്കള്‍ തമ്പടിക്കാറുണ്ടെന്നും പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.
ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ഒന്നാം പ്രതി വൈഷ്ണവ്(18) ശക്തികുളങ്ങര സ്വദേശി മൂന്നാം പ്രതി അജിത് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയെ തിരച്ചറിഞ്ഞിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു.
മൂന്നാം പ്രതിയായ അജിത്തിന്റെ ഓട്ടോയിലാണ് മോഷണമുതല്‍ കടത്തികൊണ്ട് പോയത്. കൊല്ലം ആണ്ടാ മുക്കത്തെ ആക്രി കടയിലാണ് മോഷ്ടിച്ച ആമ വിളക്ക് പ്രതികള്‍ വിറ്റത്. പന്ത്രണ്ടായിരം രൂപയ്ക്കാണ് വിറ്റത്. ക്ഷേത്രത്തിലും മോഷണമുതല്‍ വിറ്റ ആക്രിക്കടയിലും പ്രതികളെ എത്തിച്ച് തൊളിവെടുപ്പ് നടത്തി.