കോഴിക്കോട്: ലൈംഗികാതിക്രമ കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ആദ്യ കോടതി വിധിയിലും വിവാദം. വസ്ത്രധാരണം ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണെന്ന കോഴിക്കോട് സെഷൻസ് കോടതിയുടെ വിവാദ പരാമർശം കത്തി നിൽക്കെയാണ് ഇതേ കോടതിയുടെ മുൻ പരാമർശവും വിവാദത്തിലായിരിക്കുന്നത്.
ലൈംഗിക പീഡനപരാതിയിൽ ആക്ടിവിസ്റ്റും സാഹിത്യകാരനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ ആദ്യ ഉത്തരവിൽ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാവില്ലെന്നു പറഞ്ഞിരുന്നു.
കാരണമായി കോടതി ചൂണ്ടിക്കാണിച്ചത് പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമമെന്നാണ്. അതിജീവിത കാര്യബോധമില്ലാത്തയാളെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനരമെന്ന് നിരീക്ഷിച്ചതും ഇതേ കോടതിയാണ്.
ALSO READ- ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു സൗദി സ്വദേശിനി രജ്വ അൽ സെയ്ഫ്
കോഴിക്കോട് സെഷൻസ് കോടതിയുടെ പരാമർശം അപലപനീയമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ പ്രതികരിച്ചു. ഒരു സാഹചര്യത്തിലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശം ദൗർഭാഗ്യകരവുമാണെന്നുമാണ് വനിതാകമ്മീഷന്റെ വിമർശനം.
കേസിന്റെ മുന്നോട്ടുള്ള നടപടി പോലും ആലോചിക്കാതെയുള്ള പരാമർശമാണെന്നും രേഖ ശർമ ട്വിറ്ററിൽ കുറിച്ചു.