കൊച്ചി: കാക്കാനാട്ടെ ഫ്‌ളാറ്റിൽ വെച്ച് കേവലം രണ്ടാഴ്ച മാത്രം പരിചയമുള്ള 22-കാരനെ മറ്റൊരു മുറയിൽ അതിഥിയായെത്തിയ യുവാവ് കൊലപ്പെടുത്തിയതിന് പിന്നിൽ ലഹരി തർക്കമെന്ന് സംശയിച്ച് പോലീസ്. മുൻവൈരാഗ്യത്തിനും മറ്റും സാധ്യതയില്ലാതിരിക്കെ എന്തിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് തേടുന്നത്.
ലഹരി വ്യാപാര തർക്കത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോലീസിന്റെ അന്വേഷണമെത്തുകയാണ്. കൊല്ലപ്പെട്ട സജീവും പിടിയിലായ സുഹൃത്ത് അർഷാദും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഫ്‌ളാറ്റിൽ നിന്നും ലഹരി കണ്ടെടുത്തിട്ടില്ലെങ്കിലും പോലീസിന് ലഹരി ഉപോഗിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.
സജീവും സംഘവും താമസിച്ചിരുന്ന ഫ്ളാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല അർഷാദ്. ഇരുപതാം നിലയിൽ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു ഇയാൾ. ആദിഷിന്റെ ഭാര്യ ഗർഭിണിയായതിനെ തുടർന്ന് രണ്ടാഴ്ചയായി അർഷാദ് സജീവിന്റെ മുറിയിലായിരുന്നു താമസം. ലഹരിയെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചതായി അന്വേഷക സംഘം സംശയിക്കുന്നു. അർഷാദിനെതിരേ കൊണ്ടോട്ടിയിൽ മോഷണക്കേസുമുണ്ട്.
സജീവ് താമസിച്ചിരുന്ന മുറിയിൽ മദ്യപാനം നടക്കുന്നതായി മറ്റ് ഫ്ലാറ്റ് ഉടമകൾ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഫ്ളാറ്റിന്റെ കെയർടേക്കർ ജലീൽ ഇവരോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒരു മാസത്തിനുള്ളിൽ ഫ്‌ളാറ്റ് ഒഴിയാമെന്നാണ് അവർ പറയുന്നത്.
ഫ്ളാറ്റിൽ നേരത്തേ മുതൽ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നതായും എന്നാൽ ആരും പോലീസിനെ അറിയിച്ചില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ഫ്ളാറ്റുകളിൽ സിസിടിവി സ്ഥാപിക്കണമെന്നും അജ്ഞാതർ വന്നാൽ അറിയിക്കണമെന്നുമുള്ള നിർദേശം കൊലപാതകം നടന്ന കാക്കനാട്ടെ ഫ്ളാറ്റിൽ പാലിച്ചില്ലെന്ന് കമ്മിഷണർ വ്യക്തമാക്കി. പോലീസ് പരിശോധനയിൽ ഫ്ളാറ്റിൽനിന്ന് ലഹരി മരുന്ന് ലഭിച്ചില്ല. പക്ഷേ, ലഹരി ഉപയോഗിച്ചതിന്റെ തെളിവുകൾ പോലീസിനു കിട്ടി.
കൊല്ലപ്പെട്ട സജീവിന്റെ ശരീരത്തിൽ ഇരുപതിലേറെ പരിക്കുകൾ ഉണ്ടായിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും കഴുത്തിലുമടക്കം 25- ലേറെ മുറിവുകളുണ്ട്. പുറത്തും അഞ്ചിലേറെ തവണ കുത്തിയിട്ടുണ്ട്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി. അടുക്കളയിൽ ഉപയോഗിക്കുന്ന തരം കത്തി കൊണ്ടാണ് കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കത്തികൊണ്ട് തലയിലും നെഞ്ചിലും കഴുത്തിലും ഉണ്ടായ മുറിവാണ് മരണ കാരണം.
ശരീരമാസകലം കുത്തേറ്റ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.ഇടച്ചിറയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് സജീവ് കൃഷ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സജീവ് ഉൾപ്പെടെ അഞ്ചു യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്ന 16-ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയോടു ചേർന്ന ഡക്ടിൽ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേർ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.