ഗുരുവായൂർ: ഇത്തവണയും പതിവ് തെറ്റിക്കാതെ ഉണ്ണിക്കണ്ണന്റെ ജന്മദിനമായ അഷ്ടമി രോഹിണി ദിനത്തിൽ പുത്തൻ ചിത്രവുമായി ജെസ്‌ന ഗുരുവായൂരിലെത്തി. ‘ഈ വർഷവും വന്നു. എല്ലാ വർഷവും എത്താൻ കഴിയുന്നതിൽ സന്തോഷമുണ്ട്. വെണ്ണക്കണ്ണനേയാണ് എല്ലാ തവണയും വരയ്ക്കാറ്.
ഇത്തവണയും വെണ്ണക്കണനെ തന്നെയാണ് വരച്ചത്’ ഏറെ സന്തോഷത്തോടെ ജെസ്ന പറഞ്ഞു. ഇത് എട്ടാം വർഷമാണ് ജെസ്‌ന ഗുരുവായൂരിലെത്തുന്നത്. കഴിഞ്ഞ വിഷുവിനും ജെസ്ന താൻ വരച്ച കണ്ണന്റെ ചിത്രവുമായി ഗുരുവായൂരിലെ ഭഗവാനെ കാണാനായി എത്തിയിരുന്നു. നേരത്തെ കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ വൈറലായിരുന്നു.
ചിത്രം വരയ്ക്കാൻ ജെസ്‌ന പഠിച്ചിട്ടില്ല എന്നതായിരുന്നു ഏറെ ശ്രദ്ധേയം. ആദ്യമായി വരച്ചു നോക്കിയതും കണ്ണന്റെ മുഖമായിരുന്നു. പിന്നീട് നിരവധി ശ്രീകൃഷ്ണ ചിത്രങ്ങളാണ് ജസ്‌ന വരച്ചു തീർത്തത്. ജസ്‌ന വരച്ച കണ്ണന്റെ ചിത്രങ്ങൾ ചോദിച്ച് വാങ്ങിയവരുമുണ്ട്. അഷ്ടമി രോഹിണി ആഘോഷത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്.
ശ്രീകൃഷ്ണന്റെ ഭൂമിയിലെ അവതാരപ്പിറവിയുടെ ഓർമ്മയാചാരണമായി ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേർന്നു വരുന്ന ദിവസമാണ് അഷ്ടമി രോഹിണിയായി ആഘോഷിക്കുന്നത്. ഈ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിരവധി ഭക്തജങ്ങളാണ് എത്താറുള്ളത്. ഭക്തജന തിരക്ക് ലഘൂകരിക്കുന്നതിനായി ക്ഷേത്രത്തിൽ ദർശന ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.