കോഴിക്കോട്: മൂന്നും അഞ്ചും എട്ടും വയസ്സുളള മൂന്ന് കുരുന്നുകളെ ചേർത്തുപിടിച്ച് ദാസനും ഗൗരിയും ചോദിക്കുന്നത് തങ്ങളില്ലാതായാൽ കുട്ടികൾ എന്ത് ചെയ്യുമെന്നാണ്. കൂട്ടിക്കൊണ്ടുപോകാൻ ഇവരുടെ മാതാപിതാക്കൾ വരുമെന്ന പ്രതീക്ഷ അവസാനിച്ചതോടെയാണ് പ്രായം തളർത്തിയ ഈ വൃദ്ധ ദമ്പതികൾ ആശങ്കയിലായത് കുട്ടികളെ തെരുവിലേയ്ക്ക് ഇറക്കി വിടാൻ ഈ വൃദ്ധരായ ദമ്പതികൾക്ക് സാധിക്കുന്നില്ല. കുട്ടികളെ ഉപേക്ഷിച്ചാണ് ഇവരുടെ മാതാപിതാക്കൾ മടങ്ങിയത്. ഏറ്റെടുക്കാൻ ഇവർ തയ്യാറുമല്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കണമേ എന്ന അപേക്ഷയാണ് ദാസനും ഗൗരിയ്ക്കും ഉള്ളത്.
അച്ഛനേയും അമ്മയേയും കുറിച്ച് പറയുമ്പോൾ മൂത്ത കുട്ടിയുടെ കണ്ണുനിറയും. കോഴിക്കോട് ജില്ലയിലെ അന്നശ്ശേരിയിൽ മുത്തച്ഛനായ ദാസനും മുത്തശ്ശി ഗൗരിയമ്മയ്ക്കും ഒപ്പമാണ് ഈ കുരുന്നുകൾ ഇപ്പോൾ കഴിയുന്നത്. ദാസന്റെയും ഗൗരിയുടെയും പേരക്കുട്ടിയുടെ മക്കളാണ് ഈ മൂന്നുപേരും. ഞങ്ങൾക്ക്പ്രായം എഴുപത് പിന്നിട്ടു. ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ കുരുന്നുകളെ അവസ്ഥ എന്താകും പേടിയോടെയാണ് ഓരോ ദിവസം കഴിച്ചുകൂട്ടുന്നത്.
കുട്ടികളെ സുരക്ഷിതമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതരുടെ കനിവുണ്ടാകണമെന്ന് ഇവർ അപേക്ഷിക്കുന്നു. റയുന്നത് കുട്ടികളോട് സ്‌നേഹമില്ലാഞ്ഞിട്ടില്ല, തങ്ങളുടെ കാലം കഴിഞ്ഞാൽ ഇവർ തെരുവിലകപ്പെടരുതെന്ന ആഗ്രഹം ഒന്നുകൊണ്ടാണെന്ന് ദാസനും ഗൗരിയും കൂട്ടിച്ചേർത്തു. ഒരു വർഷം മുമ്പാണ് പേരക്കുട്ടിയും ഭർത്താവും മൂന്ന് കുട്ടികളേയും കൊണ്ട് ബംഗളൂരുവിൽ നിന്ന് നാട്ടിൽ എത്തിയത്. ദാസന്റേയും ഗൗരിയുടേയും കൂടെ ആറ് മാസത്തോളം ഇവർ താമസിച്ചു.
പിന്നീട് ഒരു ദിവസം ഭർത്താവ് തിരിച്ചുപോയി. കുറച്ച് നാളുകൾക്ക് ശേഷം പേരക്കുട്ടിയും മടങ്ങി. കുട്ടികളെ കൂടെ കൂട്ടിയില്ല. പിന്നീട് ഇവർ വന്ന് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, അതുണ്ടായില്ല. ഫോണിലും കിട്ടാതായതോടെ ദാസനും ഭാര്യയും കുട്ടികളെക്കൊണ്ട് ബംഗളൂരുവിലേയ്ക്ക് പോയി, കുഞ്ഞുങ്ങളെ സ്വീകരിക്കാൻ ഇരുവരും തയ്യാറായില്ലെന്നും രണ്ടുപേരും വേർപിരിഞ്ഞു കഴിയുകയാണെന്ന് അവിടെ ചെന്നപ്പോളാണ് ദാസൻ അറിയുന്നത്.
പേരക്കുട്ടിയും ഭർത്താവും കുഞ്ഞുങ്ങളെ നോക്കില്ലെന്ന് ഉറപ്പായതോടെ ഇരുവും കുഞ്ഞുങ്ങളേയും കൊണ്ട് നാട്ടിലേക്ക് വന്നു. മകൾ രണ്ട് വർഷം മുമ്പ് മരിച്ചു. മകളുടെ ഭർത്താവിനെ വിളിച്ച് കാര്യം പറഞ്ഞെങ്കിലും കുട്ടികളെ സ്വീകരിക്കാൻ അവരും തയ്യാറായില്ലെന്ന് ദാസൻ പറയുന്നു. അന്നശ്ശേരിയിലെ ഒരു സ്‌കൂളിലാണ് ഇപ്പോൾ രണ്ട് കുട്ടികളും പഠിക്കുന്നത്. ഇളയ കുട്ടി നഴ്‌സറിയിലും പഠിക്കുന്നു. മൂവായിരം രൂപ വാടകയുള്ള ഒരു വീട്ടിലാണ് ഇവർ ഈ കുട്ടികളേയും കൊണ്ട് കഴിയുന്നത്.
പെൻഷൻ കിട്ടുമ്പോൾ വാടക നൽകും. പ്രായം തളർത്തിയതിനാൽ ഭാരിച്ച ജോലികളൊന്നും ഇവർക്ക് ചെയ്യാനാവില്ല. ആരെങ്കിലും എന്തെങ്കിലും ചെറിയ പണിക്ക് വിളിച്ചാൽ പോകും. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് വീട്ടുചെലവുകൾ നടത്തി വരുന്നത്. ഞങ്ങൾക്ക് ജീവനുള്ള കാലം വരെ കുഞ്ഞുങ്ങൾ പട്ടിണിയാവില്ല. പക്ഷെ ഞങ്ങളില്ലാതായാൽ ഈ കുരുന്നുകൾ എന്തുചെയ്യും താമസിക്കാൻ വീടില്ല നോക്കാൻ മറ്റു ബന്ധുക്കളും. ഇവരെ സുരക്ഷിതമായ കേന്ദ്രങ്ങളിൽ ഏൽപ്പിച്ചാൽ സമാധാനത്തോടെ കണ്ണടയ്ക്കാൻ സാധിക്കുകയൊള്ളൂവെന്ന് മൂവരെയും ചേർത്തുപിടിച്ച് ഈ ദമ്പതികൾ പറയുന്നു.