കൊച്ചി: പതിനഞ്ച് കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി പ്രവാസി മലയാളി ദമ്പതികള്‍. എറണാകുളം ഇലഞ്ഞിയിലാണ് മേരി ഭവന്‍സ് ഹൗസിങ് വില്ലയില്‍ 15 സ്വപ്‌നവീടുകള്‍ ഉയര്‍ന്നത്. 15 വീടുകളുടെയും താക്കോല്‍ കൈമാറി.
സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള മാത്യു, മേരി ദമ്പതികളാണ് ഈ മാതൃക ഒരുക്കിയിരിക്കുന്നത്. മൂന്നു വര്‍ഷം മുന്‍പ് സ്ഥലം വിട്ടു നല്‍കിയിട്ടും തുടര്‍നടപടിയുണ്ടാകാതിരുന്നതോടെ ദമ്പതികള്‍ മുന്‍കൈ എടുത്ത് വീടുകള്‍ നിര്‍മിക്കുകയായിരുന്നു.
ഇലഞ്ഞിയില്‍ പഴയങ്കോട്ടില്‍ കുടുംബത്തിന്റെ വക രണ്ടേക്കര്‍ സ്ഥലം 2018 ല്‍ ഭവനരഹിതര്‍ക്ക് സൗജന്യമായി വിട്ടു നല്‍കിയിരുന്നു. സ്ഥലം വിട്ട് നല്‍കി മൂന്ന് വര്‍ഷമായിട്ടും മറ്റ് ഏജന്‍സികള്‍ക്കോ സ്വന്തമായോ വീട് നിര്‍മ്മിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മാത്യുവും കുടുംബവും അവരുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണത്തോടെ വീടുകള്‍ നിര്‍മിച്ചത്. ഭവനങ്ങളുടെ വെഞ്ചരിപ്പും താക്കോല്‍ദാനവും ചിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിച്ചു.