‘തല്ലു കൊണ്ട് ശ്വാസം മുട്ടലുണ്ടായതിനാല്‍ ഓടാന്‍ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് ഒരുപാട് തല്ലു കിട്ടി’: കോളനിയിലെ ദുരവസ്ഥ വ്യക്തമാക്കി സംവിധായിക ലീല സന്തോഷ്

കല്‍പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അയല്‍ക്കാരന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവം വിവാദമായിരുന്നു. 3ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് ക്രൂര മര്‍ദ്ദനത്തിരയായത്. സംഭവത്തില്‍ കോളനിയുടെ ദുരവസ്ഥ വ്യക്തമാക്കി പ്രതികരിച്ചിരിക്കുകയാണ് സംവിധായിക ലീല സന്തോഷ്. അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന, വിനായകന്‍ നായകനായെത്തുന്ന കരിന്തണ്ടന്‍ എന്ന സിനിമയുടെ സംവിധായികയാണ് ലീല സന്തോഷ്.

നെയ്ക്കുപ്പ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. കോളനിയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളുള്‍പ്പടെയാണ് ലീല സന്തോഷ് വിഷയത്തില്‍ പ്രതികരിക്കുന്നത്.

വരമ്പ് നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് അയല്‍ക്കാരന്‍ നെയ്ക്കുപ്പ കോളനിയിലെ കുട്ടികളെ മര്‍ദിച്ചത്. രണ്ടു തവണ ബൈപാസ് സര്‍ജറി കഴിഞ്ഞ കുഞ്ഞിനെ ഉള്‍പ്പടെയാണ് അയല്‍ക്കാരന്‍ ക്രൂരമായി മര്‍ദിച്ചത്. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായതിനാല്‍ ഓടാന്‍ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നാണവന്‍ പറഞ്ഞത്.

നരസി പുഴയും കോളനി ഭിത്തിയും തമ്മില്‍ ഏകദേശം മൂന്നോ നാലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കോളനിക്ക് മുന്നിലോ, രണ്ട് മീറ്റര്‍ ദൂരത്തില്‍ അയല്‍ക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ മാത്രമല്ല. നെല്‍കൃഷി ആരംഭിച്ചാല്‍ മുതിര്‍ന്നവര്‍ക്ക് കൂടി നടക്കാന്‍ വഴിയില്ലാതാവും.

ഈ ഒന്നര മീറ്റര്‍ വീതിയുള്ള മുറ്റത്താണ് വര്‍ഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചു വളര്‍ന്നതെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും ദുരവസ്ഥയെക്കുറിച്ചും അവര്‍ വിശദമായി പോസ്റ്റില്‍ പറയുന്നുണ്ട്.

ആഗസ്റ്റ് 15ന് നടവയല്‍ എല്‍പി സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അയല്‍വാസി മര്‍ദ്ദിച്ചത്. 6-7 വയസുവരെ പ്രായമുള്ള മൂന്ന് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. അടിയേറ്റ മൂന്ന് കുട്ടികളുടെയും കാലിലും വയറിന്റെ ഭാഗത്തും പുറത്തും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.


ഇത് നെയ്ക്കുപ്പ കോളനി. രാജസ്ഥാനില്‍ കുടിവെള്ളം നിഷേധിച്ച് ഒരു പിഞ്ചു കുഞ്ഞിനെ കൊന്നു കളഞ്ഞ ചൂടാറു മുമ്പ് , ഇവിടെ വയനാട്ടില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അയല്‍ക്കാരന്റെ മര്‍ദ്ദനത്താല്‍ പരിക്കേറ്റ 3ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ ജീവിക്കുന്ന ഇടം. അവരില്‍ രണ്ടു തവണ ബൈപാസ് സെര്‍ജറി കഴിഞ്ഞ കുഞ്ഞു മുണ്ടായിരുന്നു. തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാന്‍ കഴിഞ്ഞില്ലമ്മേ അതുകൊണ്ട് എനിക്ക് ഒരുപാട് തല്ലു കിട്ടി എന്നവന്‍ പറഞ്ഞു.

നരസി പുഴയും കോളനി ഭിത്തിയും തമ്മില്‍ ഏകദേശം മൂന്നോ നാലോ മീറ്റര്‍ ദൂരം മാത്രം. കോളനിയ്ക്ക് മുന്നിലോ, രണ്ട് മീറ്റര്‍ ദൂരത്തില്‍ അയല്‍ക്കാരന്റെ കൃഷിയിടം. കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ മാത്രമല്ല. നെല്‍കൃഷി ആരംഭിച്ചാല്‍ മുതിര്‍ന്നവര്‍ക്ക് കൂടി നടക്കാന്‍ വഴിയില്ലാതാവും. ഈ ഒന്നര മീറ്റര്‍ വീതിയുള്ള മുറ്റത്താണ് വര്‍ഷങ്ങളായി എന്റെ ഹസ്ബന്റ് സന്തോഷ് അടങ്ങുന്ന വലിയൊരു തലമുറ കളിച്ചു വളര്‍ന്നത്. കളിക്കാന്‍ ഇടം തേടി കുഞ്ഞുങ്ങള്‍ വയലുകളിലിറങ്ങിയാല്‍ ചാട്ടവാറുമായി അയല്‍ക്കാരിറങ്ങും. തൊട്ടടുത്ത് കാടാണ്. കഴിഞ്ഞ വര്‍ഷം ഒരമ്മ ആ കാട്ടില്‍ വെച്ചാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മഴക്കാലത്ത് പുഴവെള്ളം നിറഞ്ഞ് വീടുകളിലൂടെ ഒഴുകും. ഊരിലെ അന്തേവാസികള്‍ (രോഗികളും, വയസ്സായവരും അടക്കം) നടവയല്‍ സ്‌കൂളിലേയ്ക്ക് അഭയാര്‍ഥികളായി മാറ്റപ്പെടും. സ്വരുകൂട്ടി വെച്ചതെല്ലാം ഒഴുകി പോകും. വീടിനും സ്ഥലത്തിനുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ നടന്ന് തഴമ്പിച്ച കാലുകളാണ് ഇവിടുത്തെ അന്തേവാസികളിലധികവും. ഇനിയും അതിനൊരു വഴിതിരിവ് ഉണ്ടായിട്ടില്ല. വയനാട്ടിലെ ഒട്ടുമിക്ക ഊരുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയ ഒന്നല്ല.

കുഞ്ഞുങ്ങള്‍ സ്‌കൂളുകളില്‍ സ്വാതന്ത്ര്യാഘോഷത്തില്‍ പങ്കെടുത്ത് വീട്ടിലെത്തി, തോട്ടിലെ മീന്‍ പിടിച്ച് കളിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഈ സംഭവത്തോടെ സ്വാതന്ത്ര്യം, ഗോത്രങ്ങള്‍ക്കിന്നും എത്തിപ്പിടിക്കാനാവാത്ത ദൂരത്താണെന്ന് തന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. കയ്യില്‍ നിറങ്ങളുള്ള സ്വാതന്ത്ര്യത്തിന്റെ കൊടി തരുംമുമ്പ്, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് എവിടെയാണ് സ്വാതന്ത്ര്യമെന്നും കൂടി കാട്ടിത്തരിക. അവരിനിയും ക്രൂശിക്കപ്പെടുന്നത് കാണാനാവില്ല.

Exit mobile version