കൊച്ചി: ഉറ്റ സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു പിറ്റേന്ന് തന്നെ മരണത്തിനു കീഴടങ്ങി കവിയും എഴുത്തുകാരനുമായ ദത്തന് ചന്ദ്രമതി എന്ന സുനില്‍ ദത്ത് (55) അന്തരിച്ചു. മരണത്തിലും ഒരുമിച്ചിരിക്കുകയാണ് ആ ആത്മാര്‍ഥ സുഹൃത്തുക്കള്‍.
ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. 55 വയസായിരുന്നു.
കൊച്ചിന് പോര്‍ട്ട് ഡെപ്യൂട്ടി വാര്‍ഫ് സൂപ്രണ്ടന്റായിരുന്ന സുനില്‍ എറണാകുളം അത്താണി സ്വദേശിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് യുസി കോളജ് ആലുവ ശ്മശാനത്തില്‍ നടന്നു.
ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ മരണത്തെപ്പറ്റി ഇദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ‘തനിക്കുള്ള മരണത്തിന്റെ ടോക്കണ്‍ ചൂട് അറിയുന്നുണ്ടെന്നും നാളെ നാളെ എന്നൊരു അനൗസ്മെന്റ് കേള്‍ക്കുന്നത് പോലെയുണ്ടെന്നും’ ദത്തന് പോസ്റ്റില്‍ പറഞ്ഞിരുന്നു.
”എനിക്കുള്ള ടോക്കണ്‍ ചൂട്. ന്റെ കട്ട ചങ്കുകള്‍, മനു മാധവന്, കുറത്തിയാടന്‍, ദിനീഷ്. എവിടെ കൂടിയാലും വെള്ളമടിക്കും, കവിത പാടും, തെറിവിളിക്കും, അടിയുണ്ടാക്കും. പൗരസ്വാതന്ത്ര്യം, സ്ത്രീ, ദളിത് ഭരണകൂടം. വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍.
എന്നാലും വീട്ടില്‍ എത്തിയോ എന്നു വിളിച്ചു ചോദിച്ചോട്ടെ കിടന്നുറങ്ങൂ. മനു മാധവന് ഒന്നും പറയാതെ പോയി 2019 സെപ്റ്റംബറില്‍, കുറത്തി പുറകെ ഞെട്ടിച്ചു കൊണ്ട് 2021 ജനുവരിയില്‍ അവനൊപ്പം കൂടി. ഇന്നലെ അവനും. ബാക്കി ഞാന്‍ മാത്രം. മൂന്നുപേരും അവര്‍ ഒന്നായി എന്നേ മാത്രം പുറന്തള്ളി?. എനിക്കുള്ള നറുക്ക്. നാളെ നാളെ എന്നൊരു സൈക്കിള്‍ അനൗസ്മെന്റ് വാഹനം തലയില്‍ പെരുക്കുന്നു.”
Discussion about this post