സിവിക് ചന്ദ്രന്റെ ജാമ്യം: ഉളുപ്പുണ്ടോ? ജാമ്യം അനുവദിക്കാന്‍ പരാതിക്കാരിയുടെ ഫോട്ടോ ഹാജര്‍ ആക്കിയത് എന്തിനെന്ന് കുഞ്ഞില; ‘മികച്ച ഒരിത്’ എന്ന് ജിയോ ബേബി, പ്രതിഷേധം ശക്തം

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് വിവാദത്തില്‍. ലൈംഗികാകര്‍ഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ പീഡനാരോപണം പ്രാഥമികമായി നിലനില്‍ക്കില്ലെന്നാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്ര ഉത്തരവ്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിചിത്ര പരാമര്‍ശം.

കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം പുകയുന്നു. പരാതിക്കാരി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞതെന്ന കോടതി പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. സംവിധായകന്‍ ജിയോ ബേബിയും സംവിധായകയും എഴുത്തുകാരിയുമായ കുഞ്ഞിലയും സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധമറിയിച്ചു.

ജിയോ ബേബിയുടെ പോസ്റ്റിങ്ങനെ;

പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി sexually provocative വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു. അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നിലനില്‍ക്കില്ല’.
സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
‘മികച്ച ഒരിത്’ എന്ന് ജിയോ ബേബി കുറിച്ചു.


സംവിധായകയും എഴുത്തുകാരിയുമായ കുഞ്ഞിലയും പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.

‘എന്ത് തോന്നിവാസമാണ് എസ് കൃഷ്ണകുമാര്‍ എന്ന സെഷന്‍സ് കോടതി ജഡ്ജി കാണിച്ച് വെച്ചിരിക്കുന്നത്. ചിത്രത്തില്‍ പരാതിക്കാരി ധരിച്ചിരിക്കുന്ന വസ്ത്രം ലൈംഗികമായി ഉത്തേജിപ്പിക്കാന്‍ ഉതകുന്നതാണ് എന്നാണ് പറഞ്ഞ് വെച്ചിരിക്കുന്നത് സിവിക് ചന്ദ്രന് ജാമ്യവും അനുവദിച്ച് വെച്ച്. ഉളുപ്പുണ്ടോ? സിവിക് ചന്ദ്രന്‍ തനിക്ക് ജാമ്യം അനുവദിക്കാന്‍ പരാതിക്കാരിയുടെ ഫോട്ടോ ഹാജര്‍ ആക്കിയത് എന്തിനാണ് എന്നും കൂടി അറിയണം എനിക്ക്’.

അഭിഭാഷകനും നടനുമായ സി ഷൂക്കൂറും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചു :

‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളില്‍ നിന്നും പരാതിക്കാരി sexually provocative
വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നില്‍ക്കില്ല ‘.
സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ബഹു കോഴിക്കോട് സെഷന്‍സ് കോടതിയുടെ 12-8-2022 ലെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങളാണിവ.
നീതിന്യായ ശുഷ്‌കാന്തി.

Exit mobile version