മലപ്പുറം: ലോക്‌സഭയിലെ മുത്തലാഖ് വോട്ടെടുപ്പ് വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി തങ്ങള്‍. വോട്ടെടുപ്പില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി വിട്ടു നിന്ന സംഭവം പാര്‍ട്ടിയിലും അണികളിലും അതൃപ്തിയുണ്ടാക്കി. എന്നാല്‍ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിക്ക് വിധേനയായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ലീഗ് അംഗീകരിക്കുന്നു. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ തുടരണമെന്നാണ് പാര്‍ട്ടി നിലപാടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ജനപ്രതിനിധികള്‍ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തരുത്. പാര്‍ട്ടി താല്‍പര്യത്തിനും രാജ്യ താല്‍പര്യത്തിനും ഇത് എതിരാണ്. ആവര്‍ത്തിക്കാതിരിക്കാന്‍ നിലപാടുകളും മുന്നറിയിപ്പുകളുമുണ്ടാകും.
സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായത്. എല്ലാ ജനപ്രതിനിധികള്‍ക്കും ഇതൊരു പാഠമാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിയെന്ന നിലയില്‍ ലീഗ് ലോക്‌സഭയില്‍ കടമ നിര്‍വഹിച്ചു. ഇടി മുഹമ്മദ് ബഷീര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തതിലൂടെ പാര്‍ടി ഉത്തരവാദിത്വം നിര്‍വഹിച്ചു എന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
നിലവിലെ ആശയക്കുഴപ്പത്തില്‍ കുഞ്ഞാലിക്കുട്ടി, ശിഹാബ് തങ്ങളെ കണ്ട് വിശദീകരിക്കുമെന്നാണ് കരുതുന്നത്. അതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു