ചെന്നൈ: ട്രെയിനിലെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മലയാളി റെയിൽവേ ഉദ്യോഗസ്ഥയെ ട്രാക്കിലേയ്ക്ക് തെറിച്ചു വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയിൽ ബി.മിനിമോളെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം.
ബില്‍ക്കിസ് ബാനു കേസ്: ജയില്‍ മോചിതരായ പ്രതികള്‍ക്ക് മധുരം നല്‍കിയും മാലയിട്ടും സ്വീകരണം
ഗുവാഹത്തി-ബെംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലെ അവസാന എസ്എൽആർ കോച്ചിൽ ഡ്യൂട്ടിയിലായിരുന്നു മിനിമോൾ. ചൊവ്വാഴ്ച ചെന്നൈ തിരുവട്ടിയൂരിൽനിന്നാണ് ഇവർ കയറിയത്. ജോലാർപ്പേട്ടയിലായിരുന്നു ജോലി അവസാനിപ്പിക്കേണ്ടത്. രണ്ടു സ്റ്റേഷനുകളിൽ ഗാർഡിന്റെ സിഗ്‌നൽ ലഭിക്കാത്തതിനെ തുടർന്നു ലോക്കോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷം റെയിൽവേ അധികൃതരെ വിവരം അറിയിച്ചു.
ഇതിനിടെ റെയിൽവേ കീമാൻ ഗൗതം കുമാറാണു മിനിമോളെ ട്രാക്കിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ്: കെ.ശിവദാസ്, മക്കൾ: മാളവിക, ദീപിക. മിനിമോളുടെ വിയോഗം കുടുംബത്തിന് ഇനിയും ഉൾകൊള്ളാനായിട്ടില്ല.
അമ്മ: സീതാലക്ഷ്മി. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ. മിനിമോൾ ഒരാഴ്ചയായി തുടർച്ചയായി ഡ്യൂട്ടിയിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം ഗുഡിയാട്ടം സർക്കാർ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.