കണ്ണൂരിലെ മാവോയിസ്റ്റ് സാന്നിധ്യം; മൂന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് അന്വേഷണ ചുമതല നല്‍കി

കണ്ണൂര്‍: വനിതാ മതിലിനെതിരെ പോസ്റ്റര്‍ പതിപ്പിക്കുന്നതിനായി കണ്ണൂരിലെ അമ്പായത്തോടില്‍ വന്ന മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി മൂന്ന് ജില്ലാ പോലീസ് മേധാവികളെ നിയോഗിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലക്കാട് ജില്ലാ പോലീസ് മേധാവി ദെബേഷ് കുമാര്‍ ബെഹറ, വയനാട് ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി, കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

ഇന്നലെയാണ് കണ്ണൂര്‍ അമ്പായത്തോടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വനിതാ മതിലിനെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു.

പോസ്റ്ററുകള്‍ പതിപ്പിച്ച മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ തോക്കുകളേന്തി പ്രകടനം നടത്തി. പോലീസ് വര്‍ഷങ്ങളായി തിരയുന്ന മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത് എന്നാണ് വിവരം. രാമു, കീര്‍ത്തി എന്ന കവിത എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പോലീസ് പറയുന്നു. അതിനിടെ വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയ്‌സ്റ്റ് സംഘം പോസ്റ്ററുകള്‍ പതിപ്പിച്ചു.

Exit mobile version