കൊച്ചി: മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ക്രൈം ബ്രാഞ്ചിനെ വെട്ടിലാക്കി മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മോണ്സണ് മാവുങ്കലിന്റെ അടുപ്പം വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍. മോണ്സണ് മാവുങ്കല്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തുവെന്നും മോണ്സണ് മാവുങ്കല്‍ പലപ്പോഴും സഞ്ചരിച്ചത് പോലീസ് വാഹനത്തിലാണെന്നും മോണ്‍സന്റെ ഡ്രൈവര്‍ ജെയ്സന് വെളിപ്പെടുത്തി.
മോന്‍സന്റെ വീട്ടില്‍ തേങ്ങ കൊണ്ടുവരുന്നതിനും, മീന്‍ കൊണ്ടുവരുന്നതിനും ഉള്‍പ്പടെ ഡിഐജിയുടെ കാര്‍ ഉപയോഗിച്ചുവെന്ന് ഡ്രൈവറായിരുന്ന ജെയ്സന്റെ വെളിപ്പെടുത്തി. ചേര്‍ത്തലയിലുള്ള മോന്‍സന്റെ സഹോദരിയുടെ വീട്ടില്‍ നിന്നായിരുന്നു ഔദ്യോഗിക വാഹനത്തില്‍ തേങ്ങയും മീനും കൊണ്ടുവന്നത്.
ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണവും വാട്സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. മോന്‍സണും ഐജി ലക്ഷ്മണയും ഉള്‍പ്പടെയുള്ള പോലീസുകാരും തമ്മിലുള്ളത് വെറും സൗഹൃദമാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമാണ് മുന്‍ ഡ്രൈവറുടെ ഈ വെളിപ്പെടുത്തല്‍.
ഐജി ലക്ഷ്മണയുടെ സീലും ഒപ്പും ഉപയോഗിച്ചാണ് കോവിഡ് കാലത്ത് യാത്രാപാസ് എടുത്തിരുന്നതെന്നും മുന്‍ ഡ്രൈവര്‍ പറയുന്നു. അനിത പുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹ ശേഷം നെടുമ്പാശേരിയിലേക്ക് മോന്സണ് യാത്ര ചെയ്തത് പോലീസ് വാഹനത്തിലണ്. വൈകിയാല്‍ വിമാനം നഷ്ടപ്പെടുന്നതിനാല്‍ സൈറണ്‍ ഇട്ട് മറ്റ് തടസങ്ങള്‍ ഒഴിവാക്കിയായിരുന്നു ഔദ്യോഗിക വാഹനത്തിലെ യാത്ര.
മോന്സണ് ഡല്‍ഹിയിലെത്തുമ്പോള്‍ നാഗാലാന്റ് പോലീസിന്റെ വാഹനമാണ് കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയത്. താമസം നാഗാലാന്റ് പോലീസിന്റെ ക്വാര്ട്ടേഴ്സിലായിരുന്നുവെന്നും ഡ്രൈവറുടെ ശബ്ദരേഖയില്‍ പറയുന്നു.
Discussion about this post