കൊല്ലം: കോൺക്രീറ്റ് മിക്സർ ലോറി പാഞ്ഞുകയറി തകർന്ന വീട്ടിൽ അഞ്ച് ദിവസമായി വെള്ളവും വെളിച്ചവുമില്ലാതെ കഴിയുന്ന കുടുംബത്തിനോട് ദയയില്ലാതെ വിലപേശി കരാറുകാർ. കൊട്ടാരക്കര മൈലം സ്വദേശി രാമചന്ദ്രൻപിള്ളയുടെ വീട്ടിലേക്കാണ് കോൺഗ്രീറ്റ് മിക്സർ ലോറി പാഞ്ഞ് കയറി തകർന്നടിഞ്ഞത്. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഇടത്ത് അമ്പതിനായിരം രൂപ മാത്രം നൽകാമെന്നാണ് കരാറുകാർ അറിയിച്ചിരിക്കുന്നത്.
അമ്പതിനായിരം രൂപയിൽ ഒതുങ്ങുമെങ്കിൽ ശരിയാക്കാം എന്നാണ് കരാറുകാർ പോലീസ് സ്റ്റേഷനിൽ വെച്ച് രാമചന്ദ്രൻപിള്ളയോട് പറഞ്ഞത്. 50,000 രൂപയ്ക്ക് സ്വീകാര്യമല്ലെന്നും വീട് നന്നാക്കി തരികയും നഷ്ടമായ സാധനങ്ങൾക്ക് യോജിച്ച നഷ്ടപരിഹാരം വേണമെന്നും രാമചന്ദ്രൻ പിള്ള അറിയിച്ചു. വീടിന്റെ മുൻവശം പൂർണമായി തകർന്ന അവസ്ഥയിൽ ഒറ്റ മുറിയിലാണ് വെള്ളവും വെളിച്ചവുമില്ലാതെ രാമചന്ദ്രന്റെ കുടുംബം കഴിയുന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലേയാണ് അപകടമുണ്ടായത്. പാറകഷ്ണങ്ങൾ പോലെയാണ് വീട് ഇപ്പോഴുള്ളത്. ജനാലയും വീട്ടുപകരണങ്ങളും നശിച്ചുകിടക്കുകയാണ്. അപകടത്തിന് കാരണക്കാരായവർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാരനായ വീട്ടുടമ ആരോപിച്ചു. കോൺക്രീറ്റ് മിശ്രിതവുമായി വന്ന റെഡിമിക്സ് ലോറി കയറ്റംകയറുന്നതിനിടെ പിന്നിലേക്കുരുണ്ടാണ് പാതയോരത്തെ വീട്ടിലേക്കു മറിയുകയായിരുന്നു.
വീട് ഭാഗികമായി തകർന്ന് ബലക്ഷയമുണ്ടായി. സംഭവസമയം ഉള്ളിലുണ്ടായിരുന്ന വീട്ടമ്മ പൂജാമുറിയിലേക്ക് ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായത്. മറിഞ്ഞ ലോറിയുടെ ഡ്രൈവർക്കും പരിക്കുകളൊന്നുമില്ല. വീടിന്റെ മുൻഭാഗത്തെ ഭിത്തിയും കോൺക്രീറ്റ് ഷെയ്ഡും ഉൾപ്പെടെ തകർത്ത് ലോറി വീട്ടിനുള്ളിലേക്ക് പതിച്ചനിലയിലാണ്. അപകടത്തെത്തുടർന്ന് ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് മിശ്രിതം വീട്ടുപരിസരമാകെ വ്യാപിച്ചു.
മൈലം-കുരാ പാതയിൽ കുരാ വായനശാല ജങ്ഷനിലെ അങ്കണവാടിക്കുസമീപം വെള്ളിയാഴ്ച രാവിലെ 9.45-ന് ആയിരുന്നു അപകടം നടന്നത്. അടൂരിൽനിന്നു കുന്നിക്കോട് ഭാഗത്തേക്ക് കോൺക്രീറ്റ് മിശ്രിതവുമായി വന്നതാണ് അഞ്ചൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി. ലോറി വരുന്നതുകണ്ട് പിന്നിലുണ്ടായിരുന്ന സ്കൂൾ ബസ് അതിവേഗം പിന്നോട്ടു മാറ്റിയതിനാൽ സ്കൂൾ ബസിൽ ഇടിച്ചുള്ള അപകടം ഒഴിവാക്കാനായി.
ലോറിയുടെ വീലുകൾ ഉപയോഗിക്കാൻ കഴിയാത്തവിധം മോശമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യാത്രയ്ക്കിടെ മൈലത്തുവെച്ച് ഇതിന്റെ ഒരു ടയർ പൊട്ടിയിരുന്നു. മിശ്രിതം റോഡിലാകെ വ്യാപിച്ചതിനെത്തുടർന്ന് വാഹനം ഒതുക്കിയിടാൻ നാട്ടുകാർ മുന്നറിയിപ്പ് നൽകിയതാണ്. ഇതു വകവയ്ക്കാതെ മുൻപോട്ട് പോയതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നും പ്രദേശവാസികൾ ആരോപിച്ചു.
Discussion about this post