പ\\ത്തനംതിട്ട: തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും ആശുപത്രിക്കുമെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ ബന്ധുക്കൾ. മരിച്ച രാജന്റെ മകൻ ഗിരീഷാണ് ആംബുലൻസ് ഡ്രൈവറടക്കം ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്. ഓക്സിജൻ തീർന്ന കാര്യം അറിയിച്ചപ്പോൾ ആംബുലൻസ് ഡ്രൈവർ മാസ്ക് മാറ്റാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ഗിരീഷ് പറയുന്നു.
പനി ബാധിതനായിരുന്ന തിരുവല്ല സ്വദേശി രാജൻ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പോകുന്ന വഴിയിൽ വെച്ച് ഓക്സിജൻ തീർന്ന് രാജൻ ഗുരുതരാവസ്ഥിലായതോടെ തകഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ തയാറായില്ലെന്നും ഗിരീഷ് പറഞ്ഞു.
തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആംബുലൻസിലാണ് രാജനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ‘അച്ഛന് കടുത്ത ശ്വാസംമുട്ടൽ കാരണം കാഷ്വാലിറ്റിയിൽ വച്ച് ഓക്സിജൻ നൽകിയിരുന്നു. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ആംബുലൻസ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേർന്ന് അപ്പോഴുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ മാറ്റി മറ്റൊന്ന് ഘടിപ്പിച്ചു.
മൂന്നു കിലോമീറ്റർ സഞ്ചരിച്ചപ്പോൾത്തന്നെ മാറ്റിവച്ച സിലിണ്ടറിലെ ഓക്സിജൻ തീർന്നു. ഇതറിയിച്ചപ്പോൾ മാസ്ക് മാറ്റാൻ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടു. അച്ഛന് ശ്വാസംമുട്ടൽ കൂടി അവശനാകുന്നത് കണ്ടപ്പോൾ തകഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് പറഞ്ഞു. എന്നാൽ ഇതിന് തയാറാകാതെ നേരെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നുവെന്നും പോകുന്ന വഴിയിൽ വെച്ച് തന്നെ അച്ഛൻ പിടഞ്ഞ് മരിച്ചെന്നുമാണ് ഗിരീഷ് പറയുന്നത്.
Discussion about this post