ചാലക്കുടി: മസ്തിഷ്‌ക മരണം സംഭവിച്ച ഗോപകുമാറിന്റെ കരൾ മറ്റൊന്നും ആലോചിക്കാതെ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബത്തിന് തണലായി കരൾ സ്വാകരിച്ച് സാനിയയുടെ നാടും ബന്ധുക്കളും. മോതിരക്കണ്ണി സ്വദേശി ഗോപകുമാറിന്റെ ദാനം ചെയ്ത അവയവങ്ങളിൽ കരൾ ലഭിച്ചത് എറണാകുളം ഗോതുരത്ത് സ്വദേശി സാനിയയ്ക്കായിരുന്നു. ഈ കാരുണ്യത്തിന് തിരിച്ചൊരു നന്മയായി സാനിയയുടെ ചികിത്സാ സഹായമായി സ്വരൂപിച്ചതിൽ നിന്ന് 10 ലക്ഷം രൂപ ഗോപകുമാറിന്റെ കുടുംബത്തിനു നൽകുകയായിരുന്നു.
എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാർഥിനി സാനിയയ്ക്കു മഞ്ഞപിത്തത്തെ തുടർന്നാണ് കരളിന്റെ പ്രവർത്തനം തകരാറിലായത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് പിതാവ് ഷൈലൻ കരൾ പകുത്ത് നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ, അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ സർജറി അവതാളത്തിലാവുകയും സാനിയയുടെ ആരോഗ്യസ്ഥിതി കൂടുതൽ ഗുരുതരമാകുകയും ചെയ്തു. ഈ സമയത്താണ് ഗോപകുമാറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അവയവ ദാനത്തിനു സന്നദ്ധത അറിയിച്ചതോടെ കരൾ സാനിയയ്ക്കു വച്ചു പിടിപ്പിച്ചു. എന്നാൽ വിധിയുടെ ക്രൂരതയിൽ 2 ദിവസത്തിനകം സാനിയ മരണത്തിനു കീഴടങ്ങി.
സാനിയയുടെ ചികിത്സയ്ക്കായി നാട്ടുകാർ ഗോതുരുത്ത് ഇടവക വികാരിയുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ചിരുന്നു. ഈ തുകയിൽ നിന്നും 10 ലക്ഷം രൂപ ഗോപകുമാറിന്റെ കുടുംബത്തിനു നൽകാൻ സഹായനിധി ഭാരവാഹികൾ പിന്നീട് തീരുമാനിക്കുകയായിരുന്നു.
സാനിയയുടെ കുടുംബവും ഇതിനു സമ്മതം അറിയിച്ചതോടെ ഗോപകുമാറിന്റ കുടുംബത്തിനു ഇന്നലെ തുക കൈമാറി. ഗോതുരുത്തിൽ നിയമസഭ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ഗോപകുമാറിന്റെ മകൻ ഗ്യാൻ ദർശിന് ചെക്ക് കൈമാറി. പരിയാരം പഞ്ചായത്ത് മുൻ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് യുജി വേലായുധന്റെ മകനാണ് ഗോപകുമാർ. ജൂലൈ 13 നു നടന്ന വാഹനാപകടത്തെ തുടർന്നു ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.