കാസർകോട്: അഗ്നിരക്ഷാസേനയിൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാമെഡൽ കരസ്ഥമാക്കിയത് മലയാള മണ്ണിൽ നിന്ന് ഒരാൾ മാത്രം. ഫയർ ആൻഡ് റസ്‌ക്യൂ ജില്ലാ ഓഫിസിൽ ഇന്റേണൽ വിജിലൻസ് ആൻഡ് ഇന്റലിജൻസ് വിഭാഗം അസി. സ്റ്റേഷൻ ഓഫിസർ ചെറുവത്തൂർ അച്ചാംതുരുത്തി ഡ്രീംസിലെ കെ..എ.മനോജ് കുമാർ ആണ് ആ നേട്ടത്തിന് അർഹനായത്.
പൊതാവൂർ എയുപി സ്‌കൂൾ റിട്ട. പ്രധാന അധ്യാപകൻ കെ.വി.കൃഷ്ണന്റെയും പരേതയായ ചിരുതക്കുഞ്ഞിയുടെയും മകനാണ്. സ്തുത്യർഹ സേവനത്തിനു 2016ൽ രാഷ്ട്രപതിയുടെയും 2014ൽ മുഖ്യമന്ത്രിയുടെയും മെഡൽ മനോജ് കുമാർ നേടിയിട്ടുണ്ട്. തുരങ്കങ്ങളിലും കിണറ്റിലും പുഴയിലും മണ്ണിനടിയിലും കുടുങ്ങിയ നൂറുകണക്കിനാളുകളെ അതിസാഹസികമായാണ് രക്ഷപ്പെടുത്തി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്.
കൂടാതെ, മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിലും മികവു കാട്ടിയ മനോജ് കുമാറിനു രാജ്യം നൽകിയ അംഗീകാരമായി വിശിഷ്ട സേവാ മെഡൽ. ഭാര്യ: കെ.വി.ബിന്ദു മോൾ (നഴ്‌സിങ് ഓഫിസർ, കുടുംബാരോഗ്യ കേന്ദ്രം, തുരുത്തി), മക്കൾ: ഋഷികേശ്, ഷാരോൺ.
Discussion about this post