പത്തനംതിട്ട: പാൽ വാങ്ങാനായി ഇറങ്ങിയ പെൺകുട്ടിയെ തെരുവുനായ ആക്രമിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ(12)യാണ് തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. പെൺകുട്ടിക്ക് പ്രതിരോധവാക്സിനും നൽകി.
പെൺകുട്ടിയുടെ കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്താണ് കടിയേറ്റത്. ഇടതുകണ്ണിന്റെ പോളയിൽ കടിയേറ്റെങ്കിലും തെരുവുനായയുടെ പല്ല് അകത്തേക്ക് കയറാതിരുന്നത് രക്ഷയായി. കൈയ്ക്കും കാലിനുമുള്ള പരിക്കുകൾക്ക് മരുന്നുവെച്ചിട്ടുണ്ട്.
ഗുരുതരമായി കടിയേറ്റതിനാൽ 48 മണിക്കൂർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. കഴിഞ്ഞദിവസമായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായ സംഭവം. വീട്ടിലേക്ക് പാൽ വാങ്ങുന്നതിനായി കാർമൽ എൻജിനിയറിങ് കോളേജ് റോഡിലൂടെ നടന്നുപോകുകയായിരുന്നു അഭിരാമി. ഈസമയം പിന്നീലൂടെ ഓടിയെത്തിയ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു.
ഭയന്ന് താഴെ വീണപ്പോൾ അഭിരാമിയുടെ കൈയിലും ഇടതുകണ്ണിന്റെ ഭാഗത്തും കടിച്ചു. ഓടിയെത്തിയ നാട്ടുകാർ ബഹളംവെച്ചതോടെയാണ് തെരുവുനായ ഓടിമറഞ്ഞു.
Discussion about this post