കടുത്തുരുത്തി: ശ്വാസകോശം ചുരുങ്ങുന്ന രോഗാവസ്ഥയിലും വൈക്കപ്രയാർ സ്വദേശിനിയായ 50കാരി പി.പി.സിമിമോൾ പ്ലസ്ടു തുല്യതാ പരീക്ഷയെഴുതാൻ എത്തി. ഈ വീട്ടമ്മ എത്തിയതാകട്ടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും. കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിൽ പരീക്ഷയെഴുതിയത്.
ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ഓക്‌സിജൻ കോൺസൻട്രേറ്ററും സിലിണ്ടറും ഉൾപ്പടെയാണ് സിമിമോൾ പരീക്ഷ എഴുതാനെത്തിയത്. അമ്മ സരോജിനിയും സഹോദരി സിജിയും സിമി മോൾക്ക് താങ്ങായി കൂടെയുണ്ടായിരുന്നു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു സിമി മോൾ. പരീക്ഷ എങ്ങനെയും എഴുതണമെന്ന ആഗ്രഹവുമായിരുന്നു സിമിക്ക്. അതാണ് ഇന്ന് നിറവേറിയത്.
വിവാഹത്തിനു ശേഷം തുടർപഠനം സാധ്യമായില്ല. വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് ജ്യോതിരാജ് 2 വർഷം മുൻപാണ് മരണപ്പെട്ടത്. മകൾ അമൃത ജ്യോതി മംഗളൂരുവിൽ ബിഡിഎസ് പഠനത്തിനു പോയതതോടെ തുല്യതാ പഠനത്തിനു വൈക്കം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള പഠനകേന്ദ്രത്തിൽ ചേർന്നത്.
ഡോക്ടർമാരുടെ പ്രത്യേക അനുമതി വാങ്ങിയാണ് സിമി ഇംഗ്ലിഷ് പരീക്ഷയെഴുതിയത്. 6 വിഷയങ്ങളാണ് ആകെയുള്ളത്. സ്റ്റാഫ് റൂമിൽ പ്രത്യേക ഇരിപ്പിടമാണ് സിമിക്കായി സ്‌കൂൾ അധികൃതർ ഒരുക്കിയിരുന്നത്. ആരോഗ്യം അനുവദിച്ചാൽ പഠനം തുടരുമെന്നും സിമി മോൾ അറിയിച്ചു.