പത്തനംതിട്ട: പൂട്ടുകട്ട പാകിയ റോഡിൽ തെന്നി മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകനായ 34കാരൻ യദുകൃഷ്ണനാണ് അപകടം സംഭവിച്ചത്. വള്ളിക്കോട് തിയറ്റർ ജംക്ഷനിൽ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം നടന്നത്.
ഓടയുടെ സമീപത്തുകിടന്ന പഴയ കോൺക്രീറ്റ് സ്ലാബിൽ നിന്ന് തള്ളിനിന്ന ഇരുമ്പ് കമ്പി യദുവിന്റെ തലയിലൂടെ കയറുകയായിരുന്നു. യദുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത ബന്ധുവായ രണ്ടര വയസ്സുകാരൻ കാശിനാഥ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. നിസാര പരിക്കുകൾ മാത്രമാണ് കുട്ടിക്കുള്ളത്. യദുവിന്റെ തലയിലൂടെ ഇരുമ്പുകമ്പി കയറിയിറങ്ങിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനും തടസ്സം നേരിട്ടു.
അപകടം നടന്നത് അരമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യദുവിനെ ഉടനടി ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വിദേശത്ത് ജോലി ചെയ്തിരുന്ന യദു അടുത്തിടെയാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നതുമാണ്. നിശ്ചയത്തിനു ശേഷം വ്യാഴാഴ്ച വിദേശത്തേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ അപകടം നടന്നത്.
ചന്ദനപ്പള്ളി കോന്നി റോഡ് നവീകരണത്തിന്റെ ഭാഗമായി ഏതാനും മാസം മുൻപാണ് തിയറ്റർ ജംക്ഷന് സമീപത്തായി 100 മീറ്ററോളം ഭാഗത്ത് പൂട്ടുകട്ട പാകിയത്. ഇതിനോടനുബന്ധിച്ച് ഓട നവീകരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിനാലും വാഹനങ്ങൾ പൂട്ടുകട്ടയിൽ തെന്നിനീങ്ങുന്നതിനാലും അപകടം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
Discussion about this post