മഞ്ഞാണോ മഴയാണോ ഒന്നും ഉദയംപേരൂരുകാരിയായ കെ.ബി. അനിതയ്ക്ക് ബാധകമല്ല. ദിവസവും പുലർച്ചെ സൈക്കിളിൽ നൂറോളം വീടുകളിൽ പത്രവിതരണം നടത്തും അത് കഴിഞ്ഞാണ് അനിതയുടെ പഠിത്തം. ജീവിതത്തിലെ പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച് എ ഗ്രേഡോടെ എം.ഫിലും കരസ്ഥമാക്കിയ മിടുക്കിയാണ് അനിത. നടക്കാവ് കാവുങ്കരയിൽ റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ കെ.കെ. ഭാസിയുടെയും ഉദയംപേരൂർ മുൻ പഞ്ചായത്തംഗം രജിതയുടെയും മകളാണ് അനിത.
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം: പാകിസ്താന്‍ സൈനികര്‍ക്ക് മധുരം കൈമാറി ഇന്ത്യന്‍ സൈനികര്‍
പത്ര ഏജന്റായ അച്ഛന് വർഷങ്ങൾ മുൻപ് അപകടത്തിൽ പരിക്കേറ്റിരുന്നു. അച്ഛനെ സഹായിക്കാനായിട്ടാണ് അനിത പത്രവിതരണം ആരംഭിച്ചത്. ഇന്നിപ്പോൾ മറ്റ് ഏജന്റുമാരുടെ പത്രങ്ങൾ അടക്കം വിതരണം അനിത ചെയ്യുന്നുണ്ട്. ”ആസ്വദിച്ചുതന്നെയാണ് തൊഴിൽ ചെയ്യുന്നത്. ചെറുതെങ്കിലും അതുമൂലം കിട്ടുന്ന വരുമാനം സഹായം തന്നെ” – അനിത സന്തോഷത്തോടെ പറഞ്ഞു. സംഗീതജ്ഞയായ അനിതയ്ക്ക് കേരള കലാമണ്ഡലത്തിൽനിന്നാണ് കർണാട്ടിക് സംഗീതം ഇൻ പെർഫോമിങ് ആർട്‌സിൽ എ ഗ്രേഡോടെ എം.ഫിൽ ലഭിച്ചത്.
നാലാം വയസ്സിൽ സജി മുഹമ്മയുടെ കീഴിൽ നടക്കാവ് കിഴക്കുഭാഗം എൻ.എസ്.എസ്. കരയോഗത്തിന്റെ സംഗീത ക്ലാസിലാണ് അനിതയുടെ തുടക്കം. പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ പ്ലസ്ടു. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് രണ്ടാം റാങ്കോടെ ബി.എ. മ്യൂസിക് പഠനം പൂർത്തിയാക്കി. അതിനിടെ സംഗീതജ്ഞ ഡോ. ജി. ഭുവനേശ്വരിയുടെ കീഴിൽ പഠനം, തൃപ്പൂണിത്തുറ ഗവ. ആർ.എൽ.വി. കോളേജിൽനിന്ന് രണ്ടാം റാങ്കോടെ പി.ജിയും എടുത്തു.
അനിതയുടെ പഠനവഴി ഇങ്ങനെ നീളുന്നു. സംഗീതജ്ഞൻ അഷ്ടമൻ പിള്ളയുടെ കീഴിൽ പഠനം തുടരുമ്പോഴാണ് 2018-ൽ കേരള കലാമണ്ഡലത്തിൽ എം.ഫില്ലിനു ചേർന്നത്. മുത്തുസ്വാമി ദീക്ഷിതരുടെ ‘പഞ്ചലിംഗ സ്ഥല കൃതി’യിലായിരുന്നു ഗവേഷണം. സംഗീതത്തിൽ ഡോക്ടറേറ്റും നേടണമെന്നാണ് അനിതയുടെ ആഗ്രഹം.
”പത്രമിട്ട് തുടങ്ങിയപ്പോൾ ആളുകൾ പലരും അദ്ഭുതത്തോടു കൂടിയായിരുന്നു നോക്കിയത്. കല്യാണം കഴിഞ്ഞാൽ നിർത്തുമല്ലേ? ചിലർ ചോദിച്ചു. നിർത്തിയില്ല എന്നു മാത്രമല്ല ഇപ്പോൾ മെക്കാനിക്കു കൂടിയായ ഭർത്താവ് ഹരികൃഷ്ണയും പത്ര വിതരണത്തിനുണ്ട്” – അനിത പറഞ്ഞു. കച്ചേരികൾ നടത്താറുള്ള അനിതയെ സ്‌കൂൾ, കോളേജ് കലോത്സവങ്ങളിൽ വിധികർത്താവായും വിളിക്കുന്നുണ്ട്. ഇതോടൊപ്പം, വീട്ടിൽ കുട്ടികൾക്കായി സംഗീത ക്ലാസും നടത്തി വരുന്നുണ്ട്.
കഴിഞ്ഞ ഒരു മാസമായി കോലഞ്ചേരി ഹിൽവ്യൂ പബ്ലിക് സ്‌കൂളിൽ സംഗീതാധ്യാപികയാണ്. ഭരതനാട്യം അഭ്യസിച്ചിട്ടുള്ള അനിത വീണയും വയലിനും വായിക്കും. ”സ്ഥിരം ജോലിയാണ് സ്വപ്നം. സംഗീതത്തിൽ ഡോക്ടറേറ്റും നേടണം. അപ്പോഴും പത്രവിതരണം വിടില്ലെന്നും 28-കാരിയായ അനിത പറയുന്നു.