വലിയ സ്തനങ്ങളായതിനാല്‍ കൗമാരകാലത്ത് അവഹേളനവും പരിഹാസവും അനുഭവിക്കേണ്ടി വന്നെന്നും പ്രസവശേഷം ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം മൂലം കുഞ്ഞുങ്ങളുടെ ദേവതയായി മാറിയ അനുഭവവും കുറിച്ച് ഇന്ദു മേനോന്.
‘മുലയൂട്ട് പെണ്ണുങ്ങളൂടെ അധിദേവത’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചെറുപ്പം മുതല്‍ താന്‍ നേരിട്ട അവഹേളനങ്ങളും പിന്നീട് വിശന്നുവലഞ്ഞ പിഞ്ചുകുഞ്ഞിന് താന്‍ ദേവതയായി മാറിയെന്നും എഴുത്തുകാരി ഇന്ദു മേനോന് പറയുന്നു.
ഒരേ മുല, കൌമാരത്തില്‍ അപമാനവും അപകര്‍ഷതയും നല്കി പെണ്‍കുട്ടികളെ അപഹാസ്യരാക്കുന്നു. അതേ മുലകള്‍ യൌവ്വനത്തില്‍ ലോക വിശപ്പിന്റെ കണക്കുകള്‍ തീര്‍ത്ത് അവരെ ദേവതയാക്കുന്നു. അപമാനങ്ങള്‍ ഇങ്ങനെയാണു..
അവള് പതിനാറുകാരി അമ്പലത്തില്‍ നിന്നും വരുന്നു. കുളത്തിനു സമീപത്തെ ഇടറോഡീലെ ചക്കരപ്പൂഴിയില്‍ ചെരിപ്പിടാത്ത കാലുകള്‍ അമര്‍ത്തി പൂച്ചയെപ്പോലെ വരുന്നു. അസാധാരണമാം വിധം മെലിഞ്ഞ ഉടല്.. ആ മെലിച്ചിലിനു യോജിക്കാത്ത വിധം, കറുത്ത പട്ടുബ്ലൌസ്സില്‍ മുറുകി നില്ക്കുന്ന വലിയ നെഞ്ച്. ഞൊറിയന്‍ കസവ് പാവാടയുടെ അരികുകളില്‍ സ്വര്‍ണ്ണനൂല്‍മാങ്ങാച്ചിത്രം മിന്നിത്തിളങ്ങുന്നു.. നിറയെ പിങ്ക് ആമ്പലുകള്‍ നിറഞ്ഞ കുളത്തില്‍ നിന്നും കടലിലേക്ക് ആഞ്ഞടിക്കുന്ന ആമ്പല്‍മണക്കാറ്റ്. അഴിച്ചു പരത്തിയ ഈറന്‍ മുടി തണുത്ത് കുളിര്‍ന്ന് പറക്കുന്നു. അവളുടെ കാലുകളില്‍ അച്ഛന് വാങ്ങിക്കൊടുത്ത, തമിഴത്തിപ്പാദസരത്തിന്റെ ആയിരം മുത്തുകള്‍ കുലുങ്ങുന്നുണ്ട്. കൌമാരത്തിന്റെ തിളങ്ങുന്ന പുഞ്ചിരി. ഉയര്‍ത്തിപ്പിടിച്ച തല. ഗര്‍വ്വമായ് ജിമിക്കികള്‍.
‘എടീ’ കലുങ്കില്‍ നിന്നൊരു കഞ്ചാവ് മണക്കുന്ന വിളി.. ‘ടീ നീ തിന്നുന്നതൊക്കെ മുടിയിലേക്കും മൊലേല്‍ക്കും ആണോടീ പോണേ?’ കേട്ടത് സത്യമാണോ എന്ന ഞെട്ടലില്‍ നിന്നും അവള് വിമുക്തമാകും മുമ്പേ പട്ടുടുപ്പിന്റെ ബട്ടണുകള്‍ പൊട്ടിപ്പോകും വിധം അശ്ലീലകരമായ ഒരു പുരുഷനോട്ടത്തില്‍ അവന് വിടലച്ചിരി ചിരിച്ചു.
തൊലി പൊളിയുന്ന അപമാനം.. മുലകള്‍ ഇത്രമേല്‍ ആഭാസകരവും നിന്ദാകരവുമാണെന്ന അവബോധം.. ഷാളുകൊണ്ട് മറയ്ക്കാതെ ഇനിമേല്‍ പുറത്തിറങ്ങിക്കൂടാ എന്ന ഉറച്ച തീരുമാനം. നീണ്ടമുലകളും നീണ്ടമുടിയിഴകളും പെണ്മയല്ല, പെണ്‍ശരീര നിന്ദയാണെന്ന ഉള്ളുലച്ചിലൂടെ തല കുമ്പിട്ട് നടന്നു പോകേണ്ടി വന്ന കൌമാര ഗതികേട്.
മുല അഴകുമമൃതുമല്ല രക്തത്തുടുപ്പില്‍ പുരുഷവിശപ്പിന്റെയാഴമളക്കുന്ന കേവല മാംസക്കഷണമാണെന്ന തിരിച്ചറിവ്.. എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ കോളേജില്‍ സീനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണു എന്നെ അപമാനിച്ചത് എന്ന വേദന. പരാതിയുമായ് ചെന്ന എന്നെ പ്രിന്‍സിപ്പാളിനടുത്തേയ്ക്ക് പറഞ്ഞുവിടാത്തതിന്റെ ദേഷ്യം. എന്ത് ലോകം എന്ന് ഞാന്‍ വെറുപ്പോടെ അറപ്പോടെ ചിന്തിച്ചു.
കണ്ണാടിയുടെ മുമ്പില്‍ എന്റെ കണ്ണുകള്‍ക്കു മുമ്പില്‍ തന്നെ ലജ്ജയോടെ കൂമ്പി നിന്ന മുലകളുടെ നാണച്ചിരി., വലിയ മുലകളുള്ള സ്ത്രീ നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടേ ഇരിക്കുമെന്ന് എന്നെ പഠിപ്പിച്ചു. മുലയപമാനങ്ങളുടെ വന്‍ തുടക്കം മാത്രമായിരുന്നു അത്. അതിനു മുമ്പ് സ്കൂള്‍ കാലത്ത് എട്ടാം ക്ലാസ്സ്കാരിയുടെ യൂണിഫോം മുഴുപ്പില്‍ നോക്കി
‘ഇവള്‍ക്ക് ബ്രാ ഇട്ടുകൂടെ ‘ എന്ന് അമ്മയ്ക്ക് സന്ദേശം കൊടുത്ത ബയോളജി ടീച്ചറുടെ വല്ലാത്തകണ്ണുകള്‍ എന്നെ നാണം കെടുത്തിയിരുന്നു. ശേഷം വീഡിയോ ക്യാസറ്റുകള്‍ വാടകയ്ക്കെടുക്കാന്‍ ചെന്ന പെണ്‍കുട്ടിയെ പുറകില്‍ നിന്നു ബലാത്കാരമായ് കെട്ടിപ്പിടിച്ച് ഒരു കൈ കൊണ്ടവളുടെ വായും മറു കൈകൊണ്ട് അവളൂടെ നെഞ്ചുമമര്‍ത്തി ചെവിട്ടില് ‘നിനക്ക് മുലക്കണ്ണുകളില്ലെ’ എന്ന് ഓക്കാനച്ചോദ്യത്തില്‍ എന്റെ പെണ്മയെ മുഴുവന്‍ വഴിവക്കിലിരുന്ന് ഛര്‍ദ്ദിച്ച് കളയിപ്പിച്ച അപരിചിതനായ ചെറുപ്പക്കാരന് എന്നെ അവമതിയുടെയും നിന്ദയുടെയും ചതുപ്പിലേക്ക് തള്ളിയിട്ടിരുന്നു..
എഴുത്തുകാരി പ്രസംഗിക്കുമ്പോള്‍ അവളുടെ സാരിക്കിടയിലൂടെ നെഞ്ചളവും മുഴുപ്പും വീഡിയോ എടുത്ത എഴുത്തുകാരനോട് യുദ്ധം ചെയ്തപ്പോള്‍
‘ഉരുകത്തൊന്നുമില്ലല്ലോ’ ‘തൊട്ടിട്ടൊന്നുമില്ലല്ലോ’ എന്നൊക്കെയുള്ള പ്രതികരണങ്ങള്‍ക്ക് മുമ്പീല് നിസ്സഹായതയും അപമാനവും കലര്‍ന്ന് തല കുമ്പിട്ടു നിന്നവളെ പഴിപറഞ്ഞ ചിലര്‍, ഞരമ്പ് രോഗിയായ എഴുത്തുകാരനേക്കാളുമപ്പുറം അപമാനം നല്‍കിയിരുന്നു..
ആതുരകാലങ്ങളില്‍, ഹൃദയമിടിപ്പ് ഒന്നോ രണ്ടോ തവണ തെറ്റിയോയെന്ന് പരിശോധിക്കുന്ന ഇക്കോമുറിയില്‍, പ്രാണന്റെ നെടുമ്പിടച്ചിലികള്‍ പകര്ത്തെ നിശ്ചലമായ കയ്യ്.. അലിവോടും കരുണയോടെയും രോഗിയെ നോക്കേണ്ടുന്നതിനു പകരം യൌവ്വനം യുദ്ധം ചെയ്യുന്ന വിരലുകളോടെ മെഡിക്കല്‍ ജെല്‍ പശപ്പ് മുലച്ചുണ്ടില്‍ തൊട്ട് ‘ഗോര്‍ജ്യെസ്സ്’ എന്ന് കണ്ണില്‍ കത്തിയ കാമത്തോടെ പറഞ്ഞപ്പോള്‍ എഴുന്നേറ്റോടാനാകാത്ത എന്റെ അവസ്ഥയില്‍ കടുത്ത ആത്മനിന്ദയാല്‍ ഉരുകി, ഞാന്‍ പൊട്ടിക്കരഞ്ഞു..
എല്ലാ വലിയമുലക്കാരിപ്പെണ്ണുങ്ങളെയും പോലെ വളര്‍ച്ചയുടെ എല്ലാകാലങ്ങളിലും എനിക്ക് എന്റെ നെഞ്ച് അപമാനകരമായ് തോന്നി. വഴിവക്കില്‍, സ്കൂളില്‍, കോളേജില്‍, അമ്പലങ്ങളില്‍, ആശുപത്രികളില്‍, തൊഴിലിടങ്ങളില്‍, പ്രസംഗവേദികളില്‍ ഒക്കെ സദാ അപമാനിക്കപ്പെട്ടു. ഈ അപമാനങ്ങളെ മറികടന്ന അപൂര്‍വ്വം പെണ്‍സുഹൃത്തുക്കളില്‍ ചിലരെങ്കിലും എനിക്ക് ആത്മവിശ്വാസം തരാന്‍ പരിശ്രമിച്ചിരുന്നു. ഷാള്‍ മടക്കി വലിച്ചെറിയാന്‍ അവരെന്നോട് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ യുദ്ധവും സമരവുമൊക്കെ ചെയ്താണു മാറ് മറയ്ക്കാന്‍ അവകാശം വാങ്ങിയതെന്നും മാറു മറയ്ക്കല്‍ എന്റെ കൂടി അവകാശമെന്നും ഞാന്‍ വീറോടെ വാദിച്ചു. തമാശകള്‍ക്കുള്ളിലും വലിയ മുലകള്‍ ചുമക്കുന്ന ഓരോ സ്ത്രീയും പൊതുയിടത്തില്‍ കാഴ്ചവസ്തുവാകുന്നെന്ന സത്യം ഞാന്‍ പറയാന്‍ ശ്രമിച്ചു.
‘അവറ്റകളുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം’ പെണ്ണുങ്ങള് പിറുപിറുത്തു.
ഈ അപമാനം പലപ്പോഴും പല പ്രശ്നങ്ങളിലും എന്നെ കൊണ്ട് ചാടിച്ചിട്ടുണ്ട്.
കണ്ണുകളിലേയ്ക്ക് നോക്കാതെ മുഖത്ത് നോക്കാതെ , അല്ലെങ്കില്‍ സംഭാഷണത്തിനിടെ കണ്ണ് നെഞ്ചിലേക്കൊര്‍ന്നു വീഴുന്ന കുറച്ച് പേരോട് സംസാരിക്കാന്‍ പോലും മടിയായി. ഒരിക്കല്‍ ഒരു മുലനോട്ടക്കാരനില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കെ ഒരു കാറ്റില്‍ റ്റ്രാപ്പില്‍ വീണു എന്റെ കാലു കുടുങ്ങി. എനിക്ക് വലിയ മുറിവ് വരെ പറ്റി.
എന്റെ കുഞ്ഞുങ്ങളാണു എന്നെ സത്യത്തില്‍ കൌമാരകാലത്തില്‍ മുഴുവന്‍ എന്നെ പിന്തുടര്‍ന്ന ആ അപമാനത്തില്‍ നിന്നും കൈപിടിച്ച് കയറ്റിയത്. ഓരോ കുഞ്ഞുങ്ങളും ഓരോ പെണ്ണുങ്ങളെയും ദേവതമാരാക്കി മാറ്റുകയാണു. വിശപ്പകറ്റി വാത്സല്യമുതിര്‍ത്ത് ഓരോ തുള്ളി അമ്മിഞ്ഞപ്പലൊപ്പം പ്രപഞ്ചത്തെ ഊട്ടുകയാണു ഓരോ അമ്മമാരും.
എന്റെ രണ്ട് കുഞ്ഞുങ്ങള്‍ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ക്കുകൂടി അമ്മയായിട്ടുണ്ട് ഞാന്‍. രണ്ട് മുലകുടിബന്ധങ്ങള്‍. ഓരോ മുലകുടിപ്പരിശവും ചോരപ്പരിശത്തോളം തീവ്രമായത്. എന്റെ കുട്ടിക്കാല കൂട്ടുകാരികള്‍ സുലൈക്കയും സുഹറയുമൊക്കെ പഠിപ്പിച്ച് തന്നത്. ഓരോ തുള്ളി മുലപ്പാലിനും കണക്കുണ്ട്. അമ്മക്കണക്ക്. ജാതിയില്ലതിനു. മതമില്ലതിനു.. രക്തബന്ധത്തേക്കാള്‍ തീവ്രമായി വരുന്ന, വളരുന്ന ഒരു ബന്ധമായി അത് മാറുന്നു.
രണ്ടാമത്തെ മകന്റെ ജനനശേഷം മരണവും രോഗവുമായിട്ടുമൊക്കെ വല്ലാത്തൊരു യുദ്ധം ചെയ്യുന്ന അവസ്ഥയിലായിരുന്നു ഞാന്‍. മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡിലെ പേറും ദുരിതങ്ങളും, അമ്മ എന്ന മഹത് സങ്കല്പ്പത്തിനു ഹൃദയത്തിലുയര്‍ത്തിവെച്ച പവിത്രതയൊക്കെ കളയിച്ചു കളഞ്ഞു. തീര്‍ത്തും ബയോളജിക്കലായ പരിണാമപ്രക്രിയയിലുപരിയായ് ഗര്‍ഭം, പ്രസവം, മുലയൂട്ടല്‍ എന്നിവയ്ക്കൊന്നും ഒരു പ്രാധാന്യവും ഉണ്ടാകേണ്ടതില്ല എന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ കടുപ്പത്തിനൊപ്പം ഹൃദ്രോഗവും കൂടിയായപ്പോള്‍ വല്ലാത്തൊരു നിര്‍മമതാവസ്ഥയിലേക്ക് ഞാന്‍ മാറിയിരുന്നു.
മരണക്കിടയ്ക്കയില്‍ വെച്ച് എനിക്ക് ലോകത്തെപ്രതിയുള്ള എല്ലാ സന്തോഷങ്ങളും നശിച്ചുപോയിരുന്നു. മക്കളെക്കുറിച്ചുള്ള വ്യഥ നഷ്ടപ്പെട്ടു. ദൈവത്തെപ്രതിയുള്ള വിശ്വാസങ്ങള്‍ പൊയ്പ്പോയി. വൃദ്ധരായ മാതാപിതാക്കളെക്കുറിച്ചുള്ള ആധികള്‍ ഇല്ലാതായി. മരണത്തെ ഭയമില്ലാതായി. ജീവിതാസക്തികളും നഷ്ടപ്പെട്ടു. ഞാനൊരു സ്വാര്‍ഥയായി മാറീ. എല്ലാ വിഷാദനിര്‍മമതകളിലും സ്വാര്‍ത്ഥത പുരണ്ട് കിടപ്പുണ്ട്. എന്നിലേക്ക് എനിക്കായ് ചുരുങ്ങുന്ന മനുഷ്യരാണു വിഷാദകാരികളാകുന്നത്.
പക്ഷെ എന്റെ ശരീരം അപ്രകാരമായിരുന്നില്ല. ആശുപത്രിക്കിടക്കയിലേക്ക് രണ്ട് മണിക്കൂറ് ഇടവിട്ട് കടന്നുവരുന്ന എന്റെ ഹിഢുംബന്‍ ചെക്കനെന്നെ നെഞ്ചില്‍ തൊടുന്ന പാട് മുലകള്‍ ചുരക്കാന്‍ തുടങ്ങി. അവനെക്കുറിച്ച് ഓര്‍ക്കുന്ന നിമിഷം എന്റെ മുന്നുടുപ്പുകള്‍ പാലാല്‍ നനഞ്ഞു കുതിര്‍ന്നു. അമിതമായ മില്‍ക്ക് പ്രൊഡക്ഷനായിരുന്നു അക്കാലത്തെ രണ്ടാമത്തെ പ്രശ്നം, കണ്ണീരുപോലെ വിഷാദം ചുറയുന്ന ഓരോ മാത്രയിലും പാല് ചുരക്കാനാരംഭിച്ചു.. 30 ബ്രെസ്റ്റ് പാഡുകള്‍ വരെ ഉപയോഗിച്ച ദിവസമുണ്ട്. നനഞ്ഞ ഉടുപ്പും പാല്‍മണക്കുന്ന കട്ടിലുകളൂം മുലകുടിയ്ക്കു ശേഷം മില്‍ക്ക്ബാത്ത് നടത്തുന്ന മകനും കൂടെ വിഷാദവും..
‘എനിക്ക് വയ്യ’ ഞാന്‍ ഡോക്ടറോട് പറഞ്ഞു.
‘പാലുത്പാദനം കുറയ്ക്കാന്‍ മരുന്നുണ്ടോ?
‘ഇല്ല.. വറ്റിയ്ക്കുന്ന മരുന്നുണ്ട്. പക്ഷെ ഞാന്‍ എഴുതുകയില്ല’ ഡോക്ടര്‍ അലിവോടെ വിസമ്മതിച്ചു.
‘എനിക്ക് നാണക്കേടാകുന്നു. അടുത്ത ബെഡ്ഡുകാരൊക്കെ നോക്കുന്നു’ ഞാന്‍ പരാതിപ്പെട്ടു നോക്കി.
‘യൂ ആര് സോ ലക്കി.. അത് കാര്യമാക്കണ്ട’
ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു. അക്കാലത്ത് മെഡിക്കല്‍ കോളേജില്‍ വെച്ച് പാലുകൊടുക്കുക ഏറെ ശ്രമകരമായിരുന്നു. അടുത്ത കിടക്കയിലെ സ്ത്രീയുടെ ബന്ധുക്കളായ പുരുഷന്മാര് വലിയ ശല്യമായിരുന്നു ഓരോരുത്തര്‍ക്കും. സ്വന്തം ഭാര്യയോ പെങ്ങളോ മുലയൂട്ടുന്നത് കണ്ടില്ലേലും വേണ്ടൂലാ അടുത്ത ബെഡ്ഡുകാരി മുലകൊടുക്കുന്നത് കണ്ടേ പറ്റൂ എന്ന് പ്രതിജ്ഞയെടുത്തവരായിരുന്നു പലരും. ഏറ്റവും വലിയ തുറിച്ച് നോട്ടങ്ങളുടെ ഇടമതാണു. മെഡിക്കല്‍ക്കോളെജ് ജെനെറല്‍ വാര്‍ഡ്. ജെഴ്സ്സിപ്പശുവിനെപ്പോലെ കുത്തിയിരിക്കുന്ന എനിക്കും കിട്ടിയിരുന്നു അത്തരം ചീത്ത നോട്ടങ്ങള്‍.
വലിയ ഒരു ബെഡ്ഷീറ്റെടുത്ത് തലവഴി എന്നെയും കുഞ്ഞിനെയും മൂടാന്‍ ഞാനമ്മയോട് ആവശ്യപ്പെടും. ചുട്ടുവിയര്‍ത്ത, ശ്വാസമ്മുട്ടിയ മുലകുടിസെഷനുകള്‍.. ഇരുട്ടിന്റെ തുറിച്ച് നോട്ടത്തിന്റെ സമയങ്ങള്‍. ആളുകള്‍ എന്നെയും കുഞ്ഞിനെയും പരസ്യമായ് നോക്കി. തലമൂടിപ്പാലുകുടി. ചിലര്‍ ഉപദേശിച്ചു
‘കുഞ്ഞ്ക്ക് സ്വാസം കിട്ടൂല’
‘കിട്ടണ്ട. ഇങ്ങളെ മോനൊക്കെ വേറെ പണിയില്ലാതിരിക്കല്ലെ. എനിക്കും എന്റെ കുട്ടിയ്ക്കും അത്ര ശ്വാസം മതി’ ഞാന്‍ എടുത്തടിച്ച മറുപടിയില്‍ അവരെ നിശബ്ദരാക്കി. ആയിരം മനുഷ്യരുടെ ചൂടു. കാറ്റ് കയറാത്ത വാര്‍ഡ്. ചുടുകാറ്റുണ്ടാക്കുന്ന പങ്ക. പാലൊഴുകി വേദനിക്കുന്ന മുലകള്‍. സിസേറിയന് മുറിവിന്റെ വേദന. എത്ര സൌമ്യയായ സ്ത്രീയും പരുക്കനായി മാറുന്ന സന്ദര്‍ഭമാണത്..
തുറിച്ച് നോട്ടങ്ങളില്‍ 10-18 ദിവസങ്ങള്‍ കടന്നുപോയി. മൊബൈലില്‍ അമ്മിഞ്ഞകുടീ പകര്‍ത്തിയ വീരനെ സെക്യൂരിറ്റിയെക്കൊണ്ട് പിടിപ്പിച്ചും, ഒരുത്തനിട്ട് മുഖത്ത് കുത്തിയും, നിരന്തരപരാതി അധികൃതര്‍ക്ക് നല്‍കിയും പെണ്വാര്‍ഡുകളില്‍ ഒളിഞ്ഞിരിക്കുന്ന നോട്ടക്കാരെ ഞാന്‍ സദാ ദ്രോഹിച്ചു കൊണ്ടിരുന്നു.
ആശുപത്രി വാസം കഴിഞ്ഞു.
കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. വീട്ടിലെത്തി നല്ല ഭക്ഷണവും മുട്ടയും പാലും ഇലക്കറികളും തട്ടി അമ്മപ്പശു പാല്‍ചുരത്ത് ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. അപകടകരമാം വിധം പാലുത്പാദിപ്പിക്കുന്ന മനുഷ്യ യന്ത്രമായ് ഞാന്‍ പരിണമിച്ചു. വീട്ടിലെ പണിക്കാരികളും അയല്‍പക്കക്കാരികളും മൂക്കത്ത് വിരല്‍ വെച്ചു.
‘ഹൈപ്പര്‍ ലാക്ടേഷന്‍ സിന്‍ഡ്രോം. വളരെ അപൂര്‍വ്വമായിക്കാണുന്ന് ഒന്നാണു’ ഡോക്റ്റെര്‍ വിധിയെഴുതി.
‘ഇതെന്താപ്പോ ഇങ്ങനെ?’ സന്ദര്‍ശകരും അയല്‍വാസികളും മൂക്കത്ത് വിരല്വെയ്ക്കുന്നു.
പാലോട് പാല്. ഉടുപ്പില്‍, കിടക്കയില്‍, കുഞ്ഞിന്റെ ഉടലില്‍, തറയില്‍. കിടക്കവിരി പാലില്‍ കുതിര്‍ന്നു. വേതുവെള്ളം കുളിമുറിത്തറയില്‍ വെളുത്തനിറത്തില്‍ പാലിട്ടൊഴുകി. ഗര്‍ഭശുശ്രൂഷക്കാരി എന്നെ തുറിച്ച് നോക്കി.. പാല് ചുരത്തുന്ന അത്ഭുത ജീവി. ഓരോ രണ്ട് മണിക്കൂറിലും കുഞ്ഞിനു നിര്‍ബന്ധമായ് ഞാന്‍ പാലു കൊടുത്തുകൊണ്ടിരിക്കും.
കുഞ്ഞ് കുടിച്ചതിനു ശേഷവും മിച്ചമാകുന്ന പാലു കെട്ടി നെഞ്ച് വേദനിക്കുവാന്‍ തുടങ്ങി. ചെറുങ്ങനെ പനിയ്ക്കാനും. പാല് മുഴുവനായ് കറന്ന് പോയില്ലെങ്കില്‍ കുത്തിയെടുക്കേണ്ടി വരും എന്നത് കേട്ട് ഞാന്‍ പേടീ പൂണ്ടു വിറച്ചു. പാലില്ലാതെ പ്രശനമനുഭവിക്കുന്ന അനേകം പെണ്ണുങ്ങളുണ്ട്. പാല് ചുരത്തിനാല്‍ പ്രശ്നമനുഭവിക്കുന്നവര്‍ ഉണ്ടോ? ഗൂഗിളില്‍ പരതലല്ലാതെ മറ്റെന്തുണ്ട്.
ഓട്ടോമാറ്റിക് ബ്രെസ്റ്റ് പമ്പ്. അത്ഭുതകരമായ സൊല്യൂഷന്. 10,000 രൂപ ചിലവാക്കി സാധനം വാങ്ങിച്ചെടുത്തു. അത്ഭുതകരമായ യന്ത്രം. പാല് വലിച്ചെടുക്കുന്നതില്‍ മികവ്. എന്റെ ജീവിതം സമാധാനപൂര്‍ണ്ണമായി. നിത്യവും ഒന്നരഗ്ലാസ്സ് പാല് വീതം പമ്ബ് വലിച്ചെടുത്തത് മിച്ചം വന്നു. ചെറിയ മകനു അത്രപാല്‍ കുടിയ്ക്കാന്‍ കഴിയുമായിരുന്നില്ല.
എന്റെ അമ്മ സൂത്രക്കാരിയായി. മകള്‍ക്ക് കുടിക്കാനുള്ള പശുമ്പാല് വാങ്ങല്‍ നിര്‍ത്തി. അവള് സ്കൂളില്‍ നിന്നും വരുമ്പോള്‍ ബൂസ്റ്റിട്ട് കലക്കി മിച്ചം വന്ന അമ്മിഞ്ഞപ്പാല് കുടിക്കാന്‍ കൊടുത്തു. ചായക്ക് പാലില്ലാത്തദിവസം പാവം എന്റെ അനിയത്തി അറിയാതെ ഫ്രിഡ്ജില്‍ നിന്നും മുലപ്പാലൊഴിച്ച് ചായയിട്ട് കുടിച്ച വിവരം സ്വകാര്യമായ് പറഞ്ഞ് ഞാനുമമ്മയും പൊട്ടിച്ചിരിച്ചു.
അനിയന്റെ കുഞ്ഞുമകന് ബൂസ്റ്റിട്ട് കൊടുത്ത എന്റെ പാല് മടുമടാകുടിച്ചു. എന്റെ വീട്ടിലെ ആള്‍റ്റൈം മില്‍ക്ക് ദേവതയായ് ഞാന്‍ തിളങ്ങി.. മുലയൂട്ട് ദേവത.. ഒരു പക്ഷെ അധിദേവത തന്നെയും..
കഥ തീരുന്നില്ല.
വര്‍ഷങ്ങളായി എന്റെ സുഹൃത്തായിരുന്ന സുജാതയ്ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. ഏറെ ചികിത്സകള്‍ക്ക് ശേഷം കുഞ്ഞുണ്ടാകില്ലെന്ന തോന്നലില്‍ അവള് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. ഏതാണ്ട് ഞാന്‍ ആശുപത്രിയിലായിരുന്ന സമയത്ത് അതിന്റെ നിയമകാര്യങ്ങളുടെ തിരക്കിലായിരുന്നു അവള്.. എന്നെ വിളിക്കാനോ കാണാനോ അവള്‍ക്ക് ആ സമയത്ത് സാധിച്ചിരുന്നില്ല.
എന്റെ പാല്‍ജന്മകഥകള്‍ കൂട്ടുകാരികള്‍ക്കിടയില്‍ കൌതുകക്കഥയായ് പരക്കുന്നുണ്ടായിരുന്നു. സുഹൃത്തുകള്‍ പാല് കാരണം ദുഃഖിക്കാനാവാത്ത എന്നിലെ വിഷാദരോഗിയെ പരിഹസിച്ച് ചിരിച്ചു. കരയാന്‍ കഴിയൂല ഓക്ക്. കരയാന്‍ വിചാരിക്കുമ്പോ പാലു ചൊരക്കുന്നു. ഭീകര പ്രശ്നമാണു. സങ്കടം വരുമ്പോ കരയുന്ന അമ്മിഞ്ഞ’ അവര്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
സംഗതി സത്യവുമായിരുന്നു. വിഷാദം വര്‍ദ്ധിക്കുമ്പോള്‍ പാലുത്പാദനം കൂടി. എനിക്ക് പിരാന്ത് പിടിച്ചു. സുജാത ഈ കഥകളൊക്കെ കേട്ട് ചിരിക്കാതെ, വിചിത്രമായ ആവശ്യവുമായി എന്നെ സമീപിച്ചു.. ആശുപത്രിയിലെ അപരിചിതനായ കുട്ടിയ്ക്ക് പാലു കൊടുത്ത എന്നെയായിരുന്നു അവള്‍ക്കാവശ്യം. അവളുടെ ദത്ത്മകള്‍ക്ക് പശുപ്പാലും പൊടിപ്പാലും അലര്‍ജിയായി വയറ്റില്‍ നിന്നും ചോര വരുന്നുവെത്രെ. അവളുടെ കുഞ്ഞിനു ഞാന്‍ പാലു കൊടുക്കണം. അവള്‍ക്ക് ചോദിക്കുവാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല.
‘നിന്റെ മകന് കുടിച്ച് കഴിഞ്ഞ് മിച്ചം വരുന്നത് മതി.. പ്ലീസ്സ്’ ഞാനവളെ തുറിച്ച് നോക്കി. എന്ത് ഭാവിച്ചാണു. എന്തൊരൌചിത്യമില്ലായ്മയാണു ചോദിക്കുന്നത്? എന്റെ ഭര്‍ത്താവിനിഷ്ടപ്പെടുമോ? വീട്ടുകാര്‍ക്കിഷ്ടപ്പെടുമോ? ഞാന്‍ നിശബ്ദയായ്
‘ഹ ഹ .. ജേഴ്സ്സിപ്പശു വെറ്റ്നേഴ്സ്സിന്റെ ജോലികൂടി തുടങ്ങാന്‍ പോണു’ എന്റെ കൂട്ടുകാരികള്‍ എന്റെ അമ്പരപ്പിനെയും ഞങ്ങള്‍ക്കിടയിലെ കനത്തിനെയും ലഘൂകരിക്കാന്‍ തമാശകള്‍ പറഞ്ഞു.. സുജാത ഒട്ടും തമാശയിലായിരുന്നില്ല. ആറു ദിവസം പ്രായമായ ചെറിയ പെണ്‍കുട്ടി അവളുടെ കയ്യില്കിടന്ന് എന്റെ മറുപടി കാത്ത് നിന്നു. അതിന്റെ ചുണ്ടുകളും വയലറ്റ്പൂവുകള്‍ പോലെ നിര്‍ജ്ജലീകരിച്ച് വാടിയിരുന്നു..
‘നീയൊന്നും പറഞ്ഞില്ല’
‘ഏയ്യ്’ എന്താണു പറയേണ്ടതെന്ന് ഞാന്‍ ഓര്‍ത്ത് നോക്കി. ഇല്ലെന്നോ ഉണ്ടെന്നോ പറയാന്‍ എനിക്ക് വിഷമമനുഭവപ്പെട്ടു.
‘പ്ലീസ്സ്. എനിക്കാരുമില്ല ചോദിക്കാന്‍’
അവള് കുഞ്ഞിനെ എനിക്ക് നീട്ടി. ഞാന്‍ എന്റെ അമ്മയുടെ മുഖത്ത് നൊക്കി. ശരി മോളെ എന്നൊരു ചിരി. അതൊരു സമ്മതപത്രമാണു. എന്റെ നെഞ്ച്.. എന്റെ പാല് ആരു കുടിക്കണമെന്ന് എനിക്ക് തീരുമാനിച്ച് കൂടെ. ഭര്‍ത്താവിനോട് ഈ വിഷയം സംസാരിക്കേണ്ടതേ ഇല്ലെന്ന് എനിക്ക് തോന്നി. ഉടുപ്പിന്റെ മുന്നുബട്ടണുകള്‍ ഊരി. അവള് മുഖമിട്ട് വെപ്രാളത്തോടെ നെഞ്ചുരസ്സി.. മുലപ്പാലിന്റെ ആദിമമായ ഗന്ധം. അതില്‍ ഉന്മത്തയായ് അവള് ചുണ്ട് പിളര്‍ത്തി.. അവള് പാല് വലിച്ച് കുടിച്ചു. അടുത്ത ഒന്നരക്കൊല്ലത്തേക്ക് എന്റെ മോനൊപ്പം എന്നെ ഊറ്റിക്കുടിക്കാനുള്ള അവളുടെ കുഞ്ഞു കരാറില്‍ ഞാന്‍ അവളുമായ് പാലൊപ്പിട്ടു..
‘എന്റെ മോള്..അയ്യോ..’ സുജാതയ്ക്ക് സന്തോഷക്കണ്ണീര് പൊട്ടി..
‘അവളപ്പോള്‍ ആ ആറ് ദിവസവും പാല് കുടിച്ചിരുന്നിരിക്കും. എനിക്കൊറപ്പാ’
സുജാത കണ്ണീര്‍പുരണ്ട ചിരിയെനിക്ക് സമ്മാനിച്ചു.
അതൊരു വിശുദ്ധപശുവിന്റെ കഥയായിരുന്നു.. രണ്ട് അപരിചിത കുട്ടികളുമായ് മുലകുടിപ്പരിശമുണ്ടാക്കിയ ഒരമ്മയുടെ കഥ. ജീവിതകാലം മുഴുവന്‍ എന്റെ രണ്ട് മക്കള്‍ക്കൊപ്പം ചേര്‍ത്തുപിടിയ്ക്കാന്‍ രണ്ട് കുട്ടികള്‍ കൂടി ഉണ്ടായ ഒരമ്മപ്പശുവിന്റെ മുലക്കഥ.
അതെ കുഞ്ഞുങ്ങള്‍ എന്നെ ഗന്ധര്‍വ്വിയാക്കി.. അവരുടെ ദേവതയാക്കി.. മുലകളെക്കുറിച്ചുള്ള സകല അപകര്‍ഷതകളും മാറ്റിയെറിഞ്ഞ്, അപമാനങ്ങളെ ചവിട്ടിക്കളഞ്ഞ് ഞാന്‍ അഭിമാനമുള്ള സ്ത്രീയായ് തലയുയര്‍ത്തി..
‘എന്റെ മുലയൂട്ട് പെണ്ണുങ്ങളൂടെ ദേവതേ’ ഇരുട്ടില്‍ അവന്റെ കണ്ണുകള്‍ കനലെരിയും പോലെ വന്യമായി തിളങ്ങി. അവന് പ്രാവുകളെയെന്നവണ്ണം എന്നെ തൊട്ടു.. അവന്റെ ചുണ്ടുകളില്‍ പ്രേമം ഉമിനീരായ് മിനുങ്ങി. അവന്റെ പട്ടുമുടി ശീതീകരണിയുടെ തണുപ്പാര്‍ന്നിളകി. നീണ്ടവിരലുകള്‍ വിറച്ചു.. അവന് എന്നെ അമര്‍ത്തി സ്പര്‍ശിച്ചു.
എന്റെ നെഞ്ചിലെ കരിനീലയടയാളങ്ങളില്‍ അവന് പ്രേമത്തോടെ ചുംബിച്ചു.
Discussion about this post