കോട്ടയം: ‘മാറിക്കോ’ ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞുവരുന്ന മിനി ലോറിയുടെ ഡ്രൈവർ ഉറക്കെ വിളിച്ചു പറഞ്ഞതാണ് ഇത്. കൈ കാണിച്ച് അലറിവിളിച്ചു പറയുകയായിരുന്നു 42കാരനായ ഡ്രൈവർ വാഴൂർ പൂവത്തോലി വീട്ടിൽ മനോജ്. വണ്ടി കൈയിൽ നിന്നും പോയിട്ടും മനോധൈര്യം മുറുകെ പിടിച്ചുള്ള ഈ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. വൈകുന്നേരം 6 മണിയോടെ ദേശീയ പാത 183ൽ കുരിശുങ്കൽ ജംക്ഷനിൽ വെച്ചാണ് അപകടം നടന്നത്.
ഒടുവിൽ, ധൈര്യം മുറുകെ പിടിച്ച് മറ്റ് വാഹനങ്ങളിലൊന്നിലും ഇടിക്കാതെ ലോറി വെട്ടിച്ച് റോഡിന്റെ എതിർ വശത്തുള്ള ടാക്‌സി സ്റ്റാൻഡിന്റെ ഷെഡിന്റെ തൂണിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. മിനി ലോറിയുടെ ബ്രേക്ക് ഇറക്കത്തിൽ നഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചത്. കൊടുങ്ങൂരിൽനിന്നു വണ്ടിപ്പെരിയാറിലേക്ക് വിറകു തടികളുമായി പോയ മിനി ലോറിയാണ് അപകടത്തിൽപെട്ടത്.
കുരിശുങ്കൽ ജംക്ഷനിലേക്കു പ്രവേശിക്കുന്ന ദേശീയ പാതയിലെ ഇറക്കത്തിൽ വെച്ചാണ് ലോറിയുടെ ബ്രേക്ക് പോയത്. ബ്രേക്ക് നഷ്ടപ്പെട്ട ശേഷം 150 മീറ്ററോളം ദൂരം ദേശീയ പാതയിലൂടെ മറ്റു വാഹനങ്ങളിൽ ഇടിക്കാതെ വെട്ടിച്ച് റോഡിനു വലതു വശത്തുള്ള കോൺക്രീറ്റ് തൂണിൽ ലോറിയുടെ വലതു വശം ഇടിപ്പിച്ചു നിർത്തുകയായിരുന്നു.
അതിനാൽ ഡ്രൈവർ മനോജിനും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഏറെ തിരക്കുണ്ടായിരുന്ന പാതയിൽ ഒട്ടേറെ വാഹനങ്ങളുണ്ടായിരുന്നു. ലോറി ഇടിപ്പിച്ചു നിർത്താൻ കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ടൗണിലേക്ക് പ്രവേശിച്ച് കൂടുതൽ അപകടത്തിന് ഇടയാക്കുമായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. വലിയ അപകടത്തിൽ നിന്നും കരകയറിയതിന്റെ ആശ്വാസത്തിലാണ് നഗരം.
Discussion about this post