തൊടുപുഴ: കൊരട്ടി സ്വദേശിനിയായ സുജിത ഒരുമാസം മുൻപ് മാത്രമാണ് ഉടുമ്പന്നൂരിൽ താമസിക്കാനെത്തിയത്. എന്നാൽ, നാട്ടുകാർക്ക് മുഴുവൻ ഒരിക്കലും മറക്കാൻ കഴിയാത്ത മുറിവ് സമ്മാനിച്ചാണ് യുവതി ജയിലിലേക്ക് പോകുന്നത്.
ശുചിമുറിയിൽ വെച്ച് പ്രസവിച്ച സുജിത(28) ബക്കറ്റിലെ വെള്ളത്തിൽ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഉടുമ്പന്നൂർ മങ്കുഴി ഗ്രാമത്തിലാണ് സംഭവം. ആറു മാസം മുൻപാണ് ഉടുമ്പന്നൂർ പഞ്ചായത്തിലെ ചീനിക്കുഴിയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ മുത്തച്ഛൻ ചുട്ടുകൊന്നത്. ക്രൂരമായ ഈ സംഭവം മറന്ന് തുടങ്ങും മുൻപെയാണ് നാട്ടുകാരെ ഞെട്ടിച്ച് കൊണ്ട് സുജിതയുടെ ക്രൂരത പുറത്തെത്തിയത്.
ഇവിടെയുള്ള ഒരു വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയതായിരുന്നു തൃശൂർ കൊരട്ടി സ്വദേശിനി സുജിത (28)യും ഭർത്താവും രണ്ട് മക്കളും. സുജിത ഗർഭിണിയാണെന്ന വിവരം അയൽവാസികൾ പോലും അറിഞ്ഞിരുന്നില്ല.അടുത്ത ദിവസങ്ങളിൽ പോലും അയൽക്കാരായ സ്ത്രീകളുമായി സംസാരിച്ചിരുന്ന സുജിതയെ കണ്ടവർ ആർക്കും യാതൊരു സംശയവും തോന്നിയതുമില്ല.
എന്നാൽ, അടുത്തകാലത്തായി സുജിതയുടെ ശാരീരിക വ്യത്യാസം കണ്ട് ആശാ പ്രവർത്തക ഏതാനും ദിവസം മുൻപ് വീട്ടിലെത്തി അന്വേഷിച്ചിരുന്നെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നു പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
പിന്നീട് അയൽക്കാർ ഗർഭിണി ആണെന്നത് അറിയാതിരിക്കാൻ വലുപ്പം കൂടിയ നൈറ്റി ധരിച്ചാണ് സുജിത പുറത്തിറങ്ങിയിരുന്നത്. ബുധനാഴ്ച രാത്രി ശുചിമുറിയിൽ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങി വരാതിരുന്നതിനെ തുടർന്ന് ഭർത്താവും മക്കളും എത്തി പുറത്തിറക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടത്. ഇതെ തുടർന്ന് ഇവർ താമസിക്കുന്ന കെട്ടിട ഉടമയുടെ ഓട്ടോറിക്ഷയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
അപ്പോഴും പ്രസവത്തെ കുറിച്ച് ഭർത്താവിനും മറ്റുള്ളവർക്കും അറിവുണ്ടായയിരുന്നില്ല. പരിശോധിച്ച ഡോക്ടർമാരാണ് പ്രസവം സ്ഥരീകരിച്ചത്. ഇക്കാര്യം സുജിത നിഷേധിച്ചതോടെ ഡോക്ടർമാർ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീപ്പയിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ മൃതശരീരം ലഭിച്ചത്. സുജിത കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്റെ കുഞ്ഞിനെയല്ല സുജിത പ്രസവിച്ചതെന്നാണ് ഭർത്താവിന്റെ മൊഴി. കുറച്ചുനാൾ മുമ്പ് സുജിത മറ്റൊരാൾക്ക് ഒപ്പം ഇറങ്ങിപോയിരുന്നു. പിന്നീട് പഞ്ചായത്ത് മെംബർ ഉൾപ്പടെയുള്ളവർ ഇടപെട്ടാണ് സുജിതയെ തിരികെ എത്തിച്ചത്.
അതേസമയം, സംഭവത്തിന് ശേഷം രക്തസ്രാവത്തെ തുടർന്ന് അവശയായ അമ്മ ഉടുമ്പന്നൂർ സ്വദേശിനി സുജിത (28) തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
Discussion about this post