കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹര് ഘര്‍ തിരംഗയില്‍ ഭാഗമായി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും.
തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിലാണ് സുരേഷ് ഗോപി പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഭാര്യ രാധികയോടൊപ്പം അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി.
മമ്മൂട്ടി കൊച്ചിയിലെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് പതാക ഉയര്‍ത്തിയത്.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘ഹര് ഘര്‍ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടിരുന്നു.
ഹര് ഘര്‍ തിരംഗ ക്യാമ്പെയ്നിന് മുന്നോടിയായി ജനങ്ങളെ സ്വന്തം വീടുകളില്‍ രാത്രിയും പകലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ അനുവദിക്കുന്നതിനായി ഫ്ളാഗ് കോഡില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഹര് ഘര്‍ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ധനമന്ത്രി കെ എന്‍ ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി.
Discussion about this post