പാളത്തിൽ ബോധരഹിതനായി 60കാരൻ; ഒരു നിമിഷം കളഞ്ഞില്ല, വലിച്ച് ജീവിതത്തിലേക്ക് കയറ്റി 14കാരൻ, ആദിലിന്റെ മനോധൈര്യത്തിന് അഭിനന്ദന പ്രവാഹം

തലയോലപ്പറമ്പ്: റെയിൽവേ പാളത്തിൽ ബോധരഹിതനായി കിടന്ന 60കാരനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി 14കാരൻ. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു- അമ്പിളി ദമ്പതികളുടെ മകൻ ആദിൽ സിജുവാണ് ശ്രാങ്കുഴിയിൽ മോഹനനെ ട്രെയിനിന്റെ അടിയിൽപെടാതെ രക്ഷിച്ചത്.

ആദിലിന്റെ മനോധൈര്യത്തെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം തോന്നല്ലൂർ ശ്രാങ്കുഴി കട്ടിങ്ങിലെ പാളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയെ വെല്ലുന്ന രക്ഷപ്രവർത്തനം നടന്നത്. പാളത്തിൽ ബോധരഹിതനായിക്കിടന്ന ആളെ ട്രെയിൻ പോകുന്നതിനു നിമിഷങ്ങൾക്കു മുൻപാണ് ഏഴാം ക്ലാസുകാരൻ വലിച്ചുനീക്കിയത്.

കാർ കൊക്കയിലേക്ക് മറിഞ്ഞു; എയർ ബാഗ് തുണച്ചു, സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾക്ക് അത്ഭുതരക്ഷ

ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. അവധിദിനത്തിൽ വീടിന് സമീപത്തെ പാടത്ത് ചൂണ്ട ഇടാൻ പോയതായിരുന്നു ആദിൽ. ഈ സമയമാണ് എറണാകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് ട്രെയിനുകൾ പോകുന്ന പാളത്തിൽ മോഹനൻ വീണുകിടക്കുന്നത് കണ്ടത്.

ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ ബോധരഹിതനായി വീണ മോഹനന്റെ തല പാളത്തിൽ ഇടിച്ചുപൊട്ടിയിട്ടുണ്ട്. ചോരയൊലിപ്പിച്ച് കിടന്ന മോഹനന്റെ അടുത്തേക്ക് നീങ്ങുന്നതിനിടെ ഇതേ പാളത്തിലൂടെ ട്രെയിൻ വരുന്നതിന്റെ ഹോൺ കേട്ടു. ഉടൻ മോഹനനെ ആദിൽ പാളത്തിൽ നിന്നു വലിച്ചുമാറ്റുകയായിരുന്നു. നിമിഷ നേരം കൊണ്ട് ട്രെയിനും കടന്നു പോയി.

ശേഷം നാട്ടുകാർ എത്തി മോഹനനെ ആശുപത്രിയിൽ എത്തിച്ചു. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്‌കൂളിലെ വിദ്യാർഥിയാണ് ആദിൽ. 15ന് സ്‌കൂളിൽ ആദിലിനെ അനുമോദിക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

Exit mobile version