അതിരപ്പിള്ളി: സംസ്ഥാനപാതയായ ആനമല റോഡിൽ പത്തടിപ്പാലത്തിന് സമീപം തകർന്നുകിടക്കുന്ന റോഡിൽ നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാരായ സിനിമ-സീരിയൽ താരമടക്കം രണ്ട് യുവതികൾ അദ്ഭുതകരമായാണ് അപകടത്തിൽ നിന്ന് കരകയറിയത്.
ഓഫർ 10 കോടി; മദ്യ കമ്പനിയുടെ പരസ്യത്തോട് നോ പറഞ്ഞ് അല്ലു അർജുൻ, നിറകൈയ്യടി നൽകി ആരാധകർ
എറണാകുളം സ്വദേശിയായ സിനിമ-സീരിയൽ താരം അനു നായർ, സുഹൃത്ത് അഞ്ജലി എന്നിവരാണ് വാഹനത്തിലുണ്ടായത്. മലക്കപ്പാറയിൽ നിന്ന് ചാലക്കുടിക്ക് വരുകയായിരുന്നു ഇരുവരും. കാർ റോഡിലെ കല്ലിൽ കയറി താഴേക്ക് മറിയുകയായിരുന്നു. കാർ പലതവണ കരണം മറിഞ്ഞ് അവസാനം ഒരു മരത്തിൽ തട്ടിനിന്നു.
എയർ ബാഗ് ആണ് ഇരുവരെയും വലിയ ദുരന്തത്തിൽ നിന്നും കരകയറ്റിയത്. ഈ സമയം, റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ കാർ അപകടത്തിൽപെടുന്നത് ആരും കണ്ടില്ല. ആഴമുള്ളതിനാൽ റോഡിൽനിന്ന് നോക്കിയാലും കാർ കാണാൻ സാധിക്കില്ല.
വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം നടന്നത്. കാറിൽനിന്ന് പുറത്തിറങ്ങിയ ഇവർ കൊക്കയിൽനിന്ന് ഏറെ ബുദ്ധിമുട്ടിയാണ് റോഡിലേക്ക് കയറിയത്. തുടർന്ന് മലക്കപ്പാറയിലേക്ക് പോയ വിനോദസഞ്ചാരികളുടെ വാഹനത്തിൽ കയറി. മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെ വിവരം അറിയിച്ചു.
അവശരായ ഇവർക്ക് വനപാലകർ പ്രഥമശുശ്രൂഷയും ഭക്ഷണവും നൽകി. തിരികെ പോകാൻ ജീപ്പും സംഘടിപ്പിച്ചുനൽകി. വലിയ അപകടത്തിൽ നിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് ഇരുവരും. ആനമല റോഡിൽ അമ്പലപ്പാറ മുതൽ മലക്കപ്പാറ വരെ നിർമാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതിനാൽ അപകടം ഇവിടെ പതിവാണ്.
Discussion about this post