കൊച്ചി: ഓഗസ്റ്റ് നാലിന് രാവിലെ എട്ടരയ്ക്ക് പെട്ടെന്നാണ് എറണാകുളം ജില്ലയ്ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. തുടര്‍ന്ന് രൂക്ഷവിമര്‍ശനമാണ് കലക്ടര്‍ നേരിട്ടത്, ഇപ്പോഴിതാ വിവാദത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്.
കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു അന്ന് വൈകിയാണെങ്കിലും അവധി പ്രഖ്യാപിച്ചതെന്നും അസൗകര്യത്തേക്കാള്‍ സുരക്ഷ കണക്കിലെടുക്കേണ്ടി വന്നെന്നും എറണാകുളം പ്രസ്സ് ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കളക്ടര്‍ പറഞ്ഞു.
‘അന്ന് എറണാകുളം ജില്ലയില്‍ റെഡ് അലെര്‍ട്ട് ഉണ്ടായിരുന്നില്ല. രാവിലെയാണ് കാലാവസ്ഥ മോശമാകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചത്. ശക്തമായ മഴയും ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. അപ്പോള്‍ അങ്ങനെ തീരുമാനമെടുക്കാനേ കഴിയുമായിരുന്നുള്ളൂ. അതില്‍ തെറ്റുപറ്റിയിട്ടില്ല. അസൗകര്യമുണ്ടായെന്ന് മനസ്സിലാക്കുന്നു. അന്നൊരു വലിയ ദുരന്തം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ മറിച്ച് പറഞ്ഞേനേ.’ ഇനി ഇത്തരം ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കളക്ടര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിനകം തന്നെ വലിയൊരു വിഭാഗം കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നു. ഇവരെ തിരിച്ചുവിടുന്ന കാര്യത്തിലും ആശയക്കുഴപ്പമായി. മറ്റു പലയിടത്തും സ്‌കൂളുകളില്‍ നിന്ന് വാഹനങ്ങള്‍ പുറപ്പെടുകയും ചെയ്തിരുന്നു.