കലാലയ ഓര്‍മ്മകളിലേക്ക് തിരിച്ചുനടക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ആ ആഗ്രഹമാണ് കാലങ്ങള്‍ക്ക് ശേഷമുള്ള ഓരോ കൂടിച്ചേരലിന്റെയും വിത്ത് മുളപ്പിക്കുന്നത്. അങ്ങനെ ഒരു ഒത്തുകൂടലാണ് കഴിഞ്ഞ മാസം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നടന്നത്. ഹൃദയത്തില്‍ ശ്രീകൃഷ്ണ എന്ന് പേരിട്ട ഗ്രാന്‍ഡ് റീയൂണിയനില്‍ ലോകമെമ്പാടുമുള്ള പൂര്‍വ്വ വിദ്യാര്‍ഥികളാണ് ഒത്തുകൂടിയത്. പതിനയ്യായിരത്തിലധികം പേർ പങ്കെടുത്ത ‘ഹൃദയത്തിൽ ശ്രീകൃഷ്ണ ’ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോളേജ് റീയൂണിയൻ പ്രോഗ്രാമായാണ് വിലയിരുത്തപ്പെടുന്നത് .
അതേസമയം ഏറ്റവും ശ്രദ്ധേയമായ കാര്യം ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കിയ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറായിരുന്നു ഹൃദയത്തില്‍ ശ്രീകൃഷ്ണയുടെ മുഖ്യ സ്‌പോണ്‍സർ. ഏഴ് ലക്ഷം രൂപയാണ് കോളേജില്‍ നിര്‍മ്മിക്കുന്ന വൃന്ദാവൻ പാർക്കിനും പ്രോഗ്രാമിനുമായി അദ്ദേഹം നല്‍കിയത്. ശ്രീകൃഷ്ണ കോളേജുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും, തൃശ്ശൂരിലോ കേരളത്തിലോ ഒരു ബിസിനസും ഇല്ലാതിരുന്നിട്ടും സംഘാടക സമിതി അംഗങ്ങള്‍ സമീപിച്ചപ്പോള്‍ യാതൊരു സങ്കോചവുമില്ലാതെയാണ് അദ്ദേഹം സഹായം നല്‍കിയത്.
ഇതോടെ വിഘ്‌നേഷ് വീണ്ടും ഗുരുവായൂരിന്റെയും ഗുരുവായൂരപ്പന്റെ കോളേജായ ശ്രീകൃഷ്ണയിൽ പഠിച്ചിറങ്ങിയ പതിനായിരങ്ങളുടെയും ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയല്ലാത്ത ഒരാള്‍ ഹൃദയത്തില്‍ ശ്രീകൃഷ്ണയെ ഇത്രമാത്രം നെഞ്ചിലേറ്റിയതിന് ശ്രീകൃഷ്ണക്കാര്‍ ഒന്നടങ്കം വിഘ്‌നേഷിന്റെ ആത്മാര്‍ഥ സ്‌നേഹത്തിന് നന്ദി പറയുകയാണ്.
ശ്രീകൃഷ്‌ണക്കാരെ ഹൃദയത്തിൽ ചേർത്ത് വെച്ച വിക്കിയ്ക്ക് നന്ദി പറഞ്ഞുള്ള ശ്രീകൃഷ്ണ അലുംനി അസോസിയേഷന്‍ പ്രസിഡണ്ട് കെഐ ഷെബീറിന്റെ കുറിപ്പ്:
പ്രവാസത്തിലേക്ക് തിരിച്ചെത്തിയിട്ടിപ്പോൾ എത്ര ദിനരാത്രങ്ങൾ മണ്ണടിഞ്ഞുവെന്നറിയില്ല,
ഞാനിപ്പോഴും ശ്രീകൃഷ്ണയിൽ നിന്നും ഇറങ്ങിയിട്ടില്ല,
അവിടെ ചരൽകുന്നിലെവിടെയോ മൺതരികളിൽ ചിതറി കിടക്കുകയാണ് ….
ഹൃദയത്തിൽ ശ്രീകൃഷ്ണ എന്നത് അമൂർത്തമായ ഒരു ആഗ്രഹമായി , പദ്ധതിയായി
ചിന്തകളിൽ എരിഞ്ഞ് നിൽക്കുകയായിരുന്നു ….
സാമ്പത്തികമായി എങ്ങനെ ശ്രീകൃഷ്ണയുടെ ഒത്തു ചേരലിന് വിഭവങ്ങൾ സമാഹരിക്കും എന്നറിയാതെ തല എരിഞ്ഞിരിക്കവെ
ഷെക്കുവാണ്
വിക്കിയെ കാണാമെന്ന് പറഞ്ഞത് ….
വിഘ്നേഷ് വിജയകുമാർ,
ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയ പ്രവാസി വ്യവസായി ….
ഞങ്ങൾ ചെന്ന് കണ്ട് കാര്യമറിയിച്ചപ്പോൾ ഉപേക്ഷകളില്ലാതെ
ഹൃദയത്തിൽ ശ്രീകൃഷ്ണയുടെ മുഖ്യ
സ്പോൺസർ ആകാൻ
സന്നദ്ധത പ്രകടിപ്പിച്ച സ്നേഹം …
വിക്കിക്ക് ശ്രീകൃഷ്ണയോട് ഒരു പൂർവ്വ വിദ്യാർത്ഥിയുടെ
ഗൃഹാതുരത്വമില്ല,ഗുരുവായൂരിലോ,കുന്നംകുളത്തോ പരിസര പ്രദേശങ്ങളിലോ എന്തിന് കേരളത്തിൽ തന്നെ
ബിസിനസ്സുമില്ല …
പിന്നെന്തിനാണദ്ദേഹം
ഒരു കലാലയ റീ യൂണിയൻ പരിപാടിയിലേക്ക് കയ്യറപ്പില്ലാതെ പണം നൽകി കൂട്ട് കൂടിയത് ….?
“നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ,
നിങ്ങൾക്കൊരു ലക്ഷ്യമുണ്ടെങ്കിൽ,
അതിന്റെ പൂർത്തീകരണത്തിനായി ലോകം മുഴുവൻ
നിങ്ങൾക്കൊപ്പം നിൽക്കുമെന്നെഴുതിയത് ….” ആൽക്കെമിസ്റ്റിലായിരുന്നു …..
ശ്രീകൃഷ്ണയെന്ന കോളേജിലെ എത്രയോ തലമുറകൾ
കണ്ട സ്വപ്നം, അവരുടെ ലക്ഷ്യം,
അതിന്റെ പൂർത്തികരണത്തിനായി ലോകത്തൊരു കോണിൽ ശ്രീകൃഷ്ണക്കാരനല്ലാത്ത ശ്രീകൃഷ്ണക്കാരൻ വിക്കി എന്ന വിഘ്നേഷ് വിജയകുമാർ കൂടെ ചേർന്ന് നിന്നു …
പ്രോഗ്രാമിന് എത്താൻ കഴിയാതെ വന്നപ്പോ
അനവദ്യമായ സ്നേഹ ബന്ധത്തിന്റെ കണ്ണി ചേർന്ന്
അച്ഛനെയും അമ്മയെയും ശ്രീകൃഷ്ണയിലേക്ക്
പറഞ്ഞയച്ചു ..
നന്ദിയെന്ന ഒറ്റവാക്കിന്റെ കൂട്ടിലടക്കുന്നില്ല,
അത്യഗാധമായ സ്നേഹം മാത്രം ….!
ഹൃദയത്തിൽ നിന്ന് ❤️
കെ ഐ ഷെബീർ
NB : ഹൃദയത്തിൽ ശ്രീകൃഷ്ണ’ കോറിയിട്ട ചിത്രങ്ങളുടെ ,ഓർമ്മകളുടെ കുറിപ്പുകൾ തൽക്കാലം ഇതോടെ അവസാനിപ്പിക്കുകയാണ്..
ഇനി അടുത്ത എഡിഷനിൽ ..