കല്‍പറ്റ: കനത്ത മഴയായതോടെ ജില്ലാ കളക്ടര്‍മാരുടെ പേജില്‍ കുട്ടികളുടെ തിരക്കാവും. അവധി ചോദിച്ചുകൊണ്ട് കമന്റുകള്‍ നിറയും. അടുത്തിടെയായിട്ട് അതാണ് ട്രെന്റ്.
എന്നാല്‍ ഇത്തവണ ശ്രദ്ധേയമാകുന്നത് ഇനി ലീവ് തരല്ലേ എന്നുപറയുന്ന വിദ്യാര്‍ഥിയാണ്.
വയനാട് ജില്ലാ കളക്ടര്‍ എ ഗീതയോടാണ് ആറാം ക്ലാസ്സുകാരി സഫൂറ നൗഷാദിന്റെ അപേക്ഷ. സഫൂറയുടെ അപേക്ഷ കളക്ടര്‍ തന്നെയാണ് പങ്കുവച്ചത്. ഇനി ലീവ് തരല്ലേ എന്നാണ് സഫൂറ നൗഷാദിന്റെ ആവശ്യം.
അയ്യോ! ഇനി ലീവ് തരല്ലേ.. ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയില്‍ ഇന്ന് രാവിലെയാണ് കിട്ടിയത്. നാലു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ബുധനാഴ്ച ക്ലാസ് വേണമെന്നും ആണ് മിടുക്കിയുടെ ആവശ്യം. എത്ര തെളിമയാണ് ഈ സന്ദേശത്തിന് മിടുക്കരാണ് നമ്മുടെ മക്കള്‍.
അവരുടെ ലോകം വിശാലമാണ്. നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കാന്‍ കഴിയുന്ന മിടുക്കര്‍. ഇവരില്‍ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്. അഭിമാനിക്കാം വിദ്യാര്‍ഥികള്‍ക്കൊപ്പം, രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സര്‍ക്കാരിനും സമൂഹത്തിനും വളര്‍ന്ന് വരുന്ന ഈ തലമുറയെ ഓര്‍ത്ത്… കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
.