പുനലൂര്‍: കഴിഞ്ഞദിവസം തെന്മല പഞ്ചായത്തിലെ ചാലിയക്കരയില്‍ നാട്ടുകാരെ ഭയപ്പെടുത്തി പരിഭ്രാന്തിയിലാക്കിയ എട്ടുവയസുകാരി രാജവെമ്പാലയെ വലയിലാക്കി വാവ സുരേഷ്. പിടികൂടി വെമ്പാലയെ മാമ്പഴത്തറയിലെ ഉള്‍വനത്തില്‍ വിട്ടു.
ഇന്നലെ വൈകിട്ട് 3.30 ഓടെ ചാലിയക്കര എസ്റ്റേറ്റ് ലയത്തിലെ രാജപ്പന്റെ വീടിനോട് ചേര്‍ന്ന തൊഴുത്തിലായിരുന്നു രാജവെമ്പാലയെ കണ്ടത്. തുടര്‍ന്ന് അമ്പനാര്‍ ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചു. ഇവര്‍ വാവ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടു.
വൈകിട്ട് ചാലിയക്കരയില്‍ എത്തിയ സുരേഷ് വനപാലകരുടെ സാന്നിദ്ധ്യത്തില്‍ രാജവെമ്പാലയെ പിടികൂടുകയായിരുന്നു. രാജവെമ്പാലയെ കാണാന്‍ നിരവധി പേരാണ് ഓടിക്കൂടിയത്. എട്ട് വയസുളള പെണ്‍ രാജവെമ്പാലയ്ക്ക് നാലര മീറ്റര്‍ നീളമുണ്ട്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി ജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ബി ജോസ്, വാച്ചര്‍മാരായ മധു, സുദര്‍ശനന്‍, രഞ്ചന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.