ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ ഉടനെ തന്നെ അവധി പ്രഖ്യാപിച്ച് വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവനായി മാറിയ ആലപ്പുഴയിലെ കളക്ടറിതാ ഇപ്പോൾ വീണ്ടും വൈറൽ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്‌കൂളിന് തിങ്കളാഴ്ച അവധി ഇല്ലെന്നും എല്ലാവരും നേരത്തെ ഉറങ്ങി, നേരത്തെ തന്നെ എണീറ്റ് തയ്യാറാകണമെന്നും സ്‌കൂളിൽ പോകും മുൻപ് മാതാപിതാക്കളെ കെട്ടിപിടിച്ച് ഉമ്മ നൽകണമെന്നുമാണ് കളക്ടർ വിആർ കൃഷ്ണ തേജ കുട്ടികളോട് പറയുന്നത്
.
ചിമതല ഏറ്റെടുത്ത് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ രക്ഷിതാക്കളുടേയും കുട്ടികളുടേയും സ്‌നേഹം പിടിച്ചുപറ്റാൻ കൃഷ്ണ തേജ ഐഎഎസിന് സാധിച്ചിരുന്നു. ചുമതല ഏറ്റെടുത്ത് ആദ്യത്തെ ഉത്തരവ് തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു. ഈ ഉത്തരവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധനേടിയിരുന്നു.
അതിന് പിന്നാലെ സാമ്പത്തിക പ്രയാസത്തിനിടയിലും പഠിച്ച് എഞ്ചിനീയറിങ് ഗോൾഡ് മെഡലോടെ പാസായി, പിന്നീട് പഠനത്തിനൊപ്പം ജോലി ചെയത് ഐഎഎസ് നേടിയ പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രസംഗവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കുട്ടികൾക്കായി പങ്കുവെച്ച പുതിയ കുറിപ്പ് ഇങ്ങനെ:
പ്രിയപ്പെട്ട കുട്ടികളെ,
എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല..
ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ…
ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ…!!😘
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ…അമ്മേ … ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ.
ഒരുപാട് സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം 😍
Discussion about this post