മാവേലിക്കര: കുടുംബത്തിലേക്ക് സന്തോഷങ്ങൾ തേടിവരാനിരിക്കെ ഞെട്ടലായി എത്തിയത് സൈനികനായ ബിജുവിന്റെ മരണവാർത്ത. നാട് കാക്കുന്ന ജവാന്റെ വേർപാട് നാടിനും നൊമ്പരമായി. ഭാര്യയ്ക്ക് ഒരു ജോലിയെന്ന ബിജുവിന്റെ സ്വപ്നം യാഥാർഥ്യമായി കാണും മുൻപ് ആണ് മരണം തേടിയെത്തിയത്.
ഉത്തരാഖണ്ഡ് ഗ്രഫിലെ ഓപ്പറേറ്റിങ് എക്യുപ്മെന്റ് മെക്കാനിക് ചെട്ടികുളങ്ങര ഈരേഴ തെക്ക് താനുവേലിൽ ബി ബിജു ആണ് ഉത്തരാഖണ്ഡിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ചത് റോഡ് നിർമാണം നടന്ന സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിലായിരുന്നു മരണം.
ഭാര്യ അധ്യാപികയായി കാണണമെന്നതു ബിജുവിന്റെ വലിയ ആഗ്രഹമായിരുന്നു. ഭാര്യ രഞ്ജിനിയെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചതും ബിഎഡ് പഠനത്തിന് അയച്ചതും ബിജുവാണ്. ബിഎഡ് കഴിഞ്ഞ രഞ്ജിനി വിവിധ പരീക്ഷകളെഴുതി ഫലം പ്രതീക്ഷിച്ചിരിക്കവേയാണു വിധി ബിജുവിനെ തട്ടിയെടുത്തത്. 2007 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം.
ജൂലൈ 31നാണു ബിജു അവസാനമായി നാട്ടിലേക്ക് വിളിച്ചത്. അന്ന് ഭാര്യ രഞ്ജിനി, മകൾ അപർണ എന്നിവരോടൊക്കെ ഒരുപാട് നേരം സംസാരിച്ചിരുന്നു. പതിവില്ലാതെയാണ് ഏറെ നേരം സംസാരിച്ചതെന്ന് ബിജുവിന്റെ ബന്ധുക്കളും പറയുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജോലി ചെയ്യുന്ന സ്ഥലത്തു മൊബൈൽ റേഞ്ച് കൃത്യമല്ലാത്തതിനാൽ ഇനി ഉടനെ വിളിക്കാൻ സാധിക്കില്ല എന്നു പറഞ്ഞാണ് കോളവസാനിപ്പിച്ചത്. പിന്നീട് ഭാര്യാമാതാവ് ചെങ്ങന്നൂർ കൊഴുവല്ലൂർ രജനി ഭവനത്തിൽ രത്നമ്മയെയും ഫോണിൽ വിളിച്ചു വിശേഷങ്ങൾ അന്വേഷിച്ചിരുന്നു.
കഴിഞ്ഞ കുംഭഭരണിക്കാലത്തു നാട്ടിലെത്തി ഉത്സവാഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങിയപ്പോഴാണ് ബിജുവിനു സ്ഥാനക്കയറ്റത്തോടെ അരുണാചൽപ്രദേശിൽ നിന്ന് ഉത്തരാഖണ്ഡിലേക്കു സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചത്.
Discussion about this post